ആദ്യ ആറുമാസത്തിൽ നാടുകടത്തിയത് 3,323 ഇന്ത്യക്കാരെ
കാനഡ:കാനഡയിൽ കടുത്ത കുടിയേറ്റ വിരുദ്ധ നിയമങ്ങളും പരിശോധനകളും ശക്തമായതോടെ വൻതോതിൽ പ്രവാസികൾ പുറത്തേക്ക്. ഈ വർഷത്തെ ആദ്യ ആറുമാസത്തിനുള്ളിൽ മാത്രം 3,323 ഇന്ത്യൻ പൗരന്മാരെ കാനഡ നാടുകടത്തിയതായി ഔദ്യോഗിക കണക്കുകൾ പുറത്തുവന്നു. കാനഡ ബോർഡർ സർവീസസ് ഏജൻസി പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന ഈ കണക്കുകൾ ഉൾപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി കാനഡയിൽ നിന്ന് നാടുകടത്തപ്പെടുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. അമേരിക്കയേക്കാൾ കൂടുതൽ ഇന്ത്യക്കാരെയാണ് കാനഡ ഈ ചുരുങ്ങിയ കാലയളവിൽ സ്വന്തം നാട്ടിലേക്ക് തിരിച്ചയച്ചിരിക്കുന്നത്. ജൂലൈ വരെയുള്ള കണക്കുകൾ പ്രകാരം അമേരിക്ക നാടുകടത്തിയത് 1,273 ഇന്ത്യക്കാരെ മാത്രമാണ്.
നിലവിലെ അവസ്ഥ തുടരുകയാണെങ്കിൽ 2026 വർഷം കാനഡയിൽ നിന്ന് ഏറ്റവും കൂടുതൽ ഇന്ത്യക്കാർ പുറത്താക്കപ്പെടുന്ന വർഷമായി മാറും. കഴിഞ്ഞ വർഷം ആകെ 3,779 ഇന്ത്യക്കാരെയായിരുന്നു കാനഡ നാടുകടത്തിയത്. എന്നാൽ ഈ വർഷം ആദ്യ ആറുമാസം കൊണ്ടുതന്നെ കഴിഞ്ഞ വർഷത്തെ ആകെ കണക്കിന്റെ 88 ശതമാനത്തോളം എത്തിക്കഴിഞ്ഞു.
നാടുകടത്തൽ നടപടികൾ പുരോഗമിക്കുന്നവരുടെ പട്ടികയിലും ഇന്ത്യക്കാരാണ് ഏറ്റവും മുന്നിലുള്ളത്. റിപ്പോർട്ടുകൾ പ്രകാരം 7,669 ഇന്ത്യൻ പൗരന്മാരാണ് നിലവിൽ കാനഡ ബോർഡർ സർവീസസ് ഏജൻസിയുടെ നാടുകടത്തൽ പ്രക്രിയ നേരിടുന്നത്. ഇത് രാജ്യത്തെ പ്രവാസി മലയാളി കുടുംബങ്ങൾക്കിടയിലും വലിയ ആശങ്ക പടർത്തുന്നുണ്ട്.
വിദ്യാർത്ഥി വിസയിലെത്തി പഠനം പൂർത്തിയാക്കിയ ശേഷം സ്ഥിരതാമസത്തിന് വഴി കണ്ടെത്താൻ സാധിക്കാത്ത യുവാക്കളാണ് ഈ പ്രതിസന്ധിയിൽ കൂടുതലായും അകപ്പെടുന്നത്. ഏജന്റുമാരുടെ വ്യാജ വാഗ്ദാനങ്ങളിൽ വീണ് കാനഡയിലെത്തുന്നവരും പണിപാളിയ അവസ്ഥയിലാണ്.
നിയമവിരുദ്ധമായി തൊഴിൽ ചെയ്യുന്നവരെ കണ്ടെത്താൻ കാനഡയിലുടനീളം ഇമിഗ്രേഷൻ വിഭാഗം റെയ്ഡുകൾ ശക്തമാക്കിയിട്ടുണ്ട്. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന വിദേശികളെ യാതൊരു ദാക്ഷണ്യവുമില്ലാതെ ഉടൻ തന്നെ പുറത്താക്കാനാണ് ഭരണകൂടത്തിന്റെ തീരുമാനം.
കാനഡയിലെ സാമ്പത്തിക പ്രതിസന്ധിയും ഭവനക്ഷാമവുമാണ് കുടിയേറ്റ നയങ്ങൾ കടുപ്പിക്കാൻ ട്രൂഡോ ഗവൺമെന്റിനെ പ്രേരിപ്പിച്ചത്. വരും മാസങ്ങളിൽ താൽക്കാലിക വിസക്കാരുടെ എണ്ണം ഇനിയും വെട്ടിക്കുറയ്ക്കാനാണ് കനേഡിയൻ ഭരണകൂടത്തിന്റെ പദ്ധതി.
