കർത്താവിൽ ആശ്രയിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവർക്ക് ഏതു സാഹചര്യത്തെയും ഭയം കൂടാതെ നേരിടുവാനും പ്രതിസന്ധികളെ അതിജീവിക്കുവാനും കഴിയും എന്നു പഠിപ്പിക്കുന്ന സങ്കീർത്തനമാണ് 27-ാം സങ്കീർത്തനം. ദാവീദിനെ നശിപ്പിക്കുവാൻ ശൗൽ പിന്തുടരുന്ന അവസരത്തിലോ അബ്ശാലോം ദാവീദിനെതിരെ ശത്രുതയോടെ പോരാടിയ സന്ദർഭത്തിലോ ആണ് ദാവീദ് ഈ സങ്കീർത്തനം രചിക്കുന്നത്. “യഹോവ എന്റെ വെളിച്ചവും എന്റെ രക്ഷയും ആകുന്നു; ഞാൻ ആരെ ഭയപ്പെടും? യഹോവ എന്റെ ജീവന്റെ ബലം; ഞാൻ ആരെ പേടിക്കും”(1:1) എന്ന ചോദ്യം ഒരു ഉറച്ച വിശ്വാസ പ്രഖ്യാപനമാണ്. ദൈവാശ്രയത്തിന്റെ മനോഹരമായ സാക്ഷ്യമാണിത്.
ഈ സങ്കീർത്തനത്തിൽ രണ്ട് വ്യത്യസ്ത മനോഭാവങ്ങളാണ് പ്രതിഫലിക്കുന്നത്. ആദ്യത്തെ ആറു വാക്യങ്ങൾ വിശ്വാസത്തിന്റെ പ്രഖ്യാപനമാണ്. 7 മുതൽ 14 വരെയുള്ള വാക്യങ്ങൾ വിലാപവും സഹായത്തിനായുള്ള പ്രാർത്ഥനയുമാണ്. ഇവ രണ്ടും ദൈവത്തിലുള്ള സങ്കീർത്തനക്കാരന്റെ വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നു.
ഭയത്തിൽനിന്ന് പൂർണമായി മുക്തനായ ഒരാളുമില്ല. പല ഭയങ്ങളും ആരോഗ്യകരമാണ്; അവ അപകടങ്ങളിൽനിന്ന് നമ്മെ അകറ്റിനിർത്തുന്നു. എന്നാൽ മറ്റു ചില ഭയങ്ങൾ അനാരോഗ്യകരമായ ഭീതികളാണ്. അവ സ്വർഗീയപിതാവിലുള്ള നമ്മുടെ വിശ്വാസത്തെപ്പോലും ഭീഷണിപ്പെടുത്തുന്നു.
1.സങ്കീർത്തനക്കാരൻ തന്റെ വിശ്വാസം പ്രഖ്യാപിക്കുന്നു (27:1–3)
കർത്താവിൽ ആശ്രയിച്ച സങ്കീർത്തനക്കാരൻ, ആത്യന്തികമായി താൻ ഭയപ്പെടേണ്ട ആവശ്യമില്ലെന്ന് തിരിച്ചറിഞ്ഞു (വാ. 1). ദൈവം അവന്റെ വെളിച്ചവും രക്ഷയും ശക്തിദുർഗ്ഗവുമായിരുന്നു. ദൈവത്തിന്റെ വെളിച്ചം ഭയത്തിന്റെ ഇരുട്ടിനെ നീക്കുകയും ശാന്തമായ ആത്മവിശ്വാസം നൽകുകയും ചെയ്യുന്നു.
ഒരു മുഴുവൻ സൈന്യം തന്നെ ആക്രമിക്കാൻ വന്നാലും താൻ ഭയപ്പെടുകയില്ലെന്ന് സങ്കീർത്തനക്കാരൻ പ്രഖ്യാപിച്ചു (വാ. 3). ഗിദെയോന്റെ അനുഭവവുമായയും (ന്യായാധിപന്മാർ 6:16) യെശയ്യാവിന്റെ കാലത്തെ സംഭവങ്ങളുമായും (യെശയ്യാവ് 37:6–35) ഇതിനെ താരതമ്യം ചെയ്ത് പഠിക്കാൻ കഴിയും.
ഈ സങ്കീർത്തനം രചയിതാവിന് കർത്താവുമായുണ്ടായ വ്യക്തിപരമായ അനുഭവത്തെ പ്രതിഫലിപ്പിക്കുന്നു. ഇത് അദ്ദേഹത്തിന്റെ സാക്ഷ്യമാണ്.
വിദ്യാർത്ഥിയായിരുന്ന ജോൺ ആർ. മോട്ട് പ്രാർത്ഥനയെക്കുറിച്ചുള്ള നാൽപ്പത്തിമൂന്ന് പുസ്തകങ്ങൾ വായിച്ചിട്ടും സംശയങ്ങൾ അവശേഷിച്ചിരുന്നു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.. പിന്നീട് അദ്ദേഹം പ്രാർത്ഥനയുടെ അനുഭവത്തിലേക്ക് കടന്നപ്പോൾ അതിന്റെ ഫലപ്രാപ്തിയെക്കുറിച്ച് ബോധ്യപ്പെട്ടു. സങ്കീർത്തനക്കാരന്റെ നേരിട്ടുള്ള ആത്മീയാനുഭവത്തിൽനിന്നാണ് ഈ സങ്കീർത്തനം രൂപംകൊണ്ടത്.
2.കർത്താവുമായുള്ള തന്റെ ജീവിതം സങ്കീർത്തനക്കാരൻ വിവരിക്കുന്നു (27:4–12)
“ ഞാൻ യഹോവയോടു ഒരു കാര്യം അപേക്ഷിച്ചു; അതു തന്നേ ഞാൻ ആഗ്രഹിക്കുന്നു; യഹോവയുടെ മനോഹരത്വം കാൺമാനും അവന്റെ മന്ദിരത്തിൽ ധ്യാനിപ്പാനും എന്റെ ആയുഷ്കാലമൊക്കെയും ഞാൻ യഹോവയുടെ ആലയത്തിൽ പാർക്കേണ്ടതിന്നു തന്നേ”(27:4) ദൈവത്തിന്റെ ആലയത്തിൽ ആരാധിക്കാനുള്ള അവസരമായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹം (4-ാം വാക്യം സങ്കീർത്തനം 21:6-നോടു താരതമ്യം ചെയ്യുക). ആരാധനയിൽ അദ്ദേഹം സന്തോഷം കണ്ടെത്തുകയും ദൈവസാന്നിധ്യത്തിൽ സുരക്ഷിതത്വം അനുഭവിക്കുകയും ചെയ്തു.
ദൈവത്തിന്റെ ആലയത്തിൽ ധ്യാനിക്കുവാൻ തീരുമാനിച്ച തനിക്ക് ജീവിതത്തിന്റെ മാർഗനിർദേശവും ലഭിച്ചു (വാ. 4). ദൈവത്തിൽ ആശ്രയിക്കുന്നവരെ ദൈവം സംരക്ഷിക്കുന്നു (വാ. 5). അവർ നന്ദിയർപ്പണങ്ങൾ അർപ്പിക്കുകയും “ജയഘോഷത്തോടെ” ദൈവത്തെ സ്തുതിക്കുകയും ചെയ്യുന്നു (വാ. 6).
ഏഴാം വാക്യം മുതൽ സങ്കീർത്തനക്കാരൻ തന്റെ പ്രാർത്ഥന കേൾക്കണമെന്നുള്ള അപേക്ഷ ആരംഭിക്കുന്നു. പ്രാർത്ഥനയുടെ ഘടനയും സ്വഭാവവും മനസ്സിലാക്കാൻ ഈ ഭാഗം സഹായിക്കുന്നു.
1.ദൈവം ആരാധിക്കുന്നവനെ തന്റെ മുഖം അന്വേഷിക്കാൻ ക്ഷണിക്കുന്നു (വാ. 8).
2.വിശ്വാസികൾ ദൈവത്തിന്റെ പ്രീതിയെയും കൃപയെയും പൂർണമായി ആശ്രയിക്കുന്നു (വാ. 9).
3.മറ്റെല്ലാവരും സങ്കീർത്തനക്കാരനെ ഉപേക്ഷിച്ചാലും ദൈവം ഒരിക്കലും അവനെ ഉപേക്ഷിക്കുകയില്ല (വാ. 10).
4.താഴ്മയോടെയുള്ള സമർപ്പണത്തിന്റെ പ്രാർത്ഥന (വാ. 11).
5.തനിക്കുള്ള ആവശ്യകതയെക്കുറിച്ചുള്ള സങ്കീർത്തനക്കാരന്റെ ഏറ്റുപറച്ചിൽ (വാ. 12).
3.വിശ്വാസം സങ്കീർത്തനക്കാരന്റെ ജീവിതത്തിൽ വരുത്തിയ മാറ്റം (27:13–14)
ഭയങ്ങൾക്കു കീഴടങ്ങാതെ അദ്ദേഹം ദൈവത്തിന്റെ നന്മയിൽ വിശ്വസിച്ചു. സ്വന്തം ജീവിതകാലത്തുതന്നെ ദൈവത്തിന്റെ നന്മ അനുഭവിക്കാൻ കഴിയുമെന്ന് അദ്ദേഹം പ്രത്യാശിച്ചു (വാ. 13).
ഈ സങ്കീർത്തനത്തിന്റെ അവസാന വാക്യം ഉറച്ച ആത്മീയാനുഭവത്തിന്റെ അടിസ്ഥാനത്തിലുള്ള മഹത്തായ ഒരു ഉപദേശമാണ്, “യഹോവയിങ്കൽ പ്രത്യാശവെക്കുക!”
ദൈവത്തിൽ വിശ്വസിക്കുന്നവർ ഭയങ്ങൾക്ക് അടിമപ്പെടേണ്ടതില്ല. സാഹചര്യങ്ങൾ പ്രതികൂലമായാലും ദൈവത്തിന്റെ നന്മയിൽ പ്രത്യാശവെച്ച് ക്ഷമയോടെ കാത്തിരിക്കണം. യഥാസമയം ദൈവം തന്റെ വിശ്വസ്തത വെളിപ്പെടുത്തും.


