ഓരോ മനുഷ്യനും ഉണ്ടാകേണ്ട ഏറ്റവും വലിയ തിരിച്ചറിവ് ,താൻ ആരാണെന്നും ആരല്ലായെന്നുമുള്ളതാണ് .
അവരവർ ആരാണെന്നും ,തന്നെക്കുറിച്ചുള്ള ദൈവഹിതം എന്തെന്നും ഉള്ള ബോധ്യമാണ് നമ്മുടെ ജീവിതത്തിന് ലക്ഷ്യബോധം നൽകുന്നത് .ആ ലക്ഷ്യം പൂർത്തികരിക്കുന്നതാണ്
ജീവിത ദൗത്യം .അതാണ് നമുക്ക് ലഭിക്കുന്ന സംതൃപ്തി .
ഒരാൾക്ക് മറ്റൊരാളായി അഭിനയിക്കാം ,പ്രതിഛായകൾ സൃഷ്ടിക്കാം . പക്ഷേ, കുറെ നാൾ കഴിയുമ്പോൾ അഭിനയം പിടിക്കപ്പെടും ,പ്രതിഛായകൾ ഉടഞ്ഞു തകരും .അതിന് ഉത്തമ ഉദാഹരണമാണ് അബ്ശാലോം രാജകുമാരൻ .
എന്നാൽ വളരെ വ്യത്യസ്തനായ ,സത്യസന്ധനായ ഒരു വ്യക്തിയായിരുന്നു യോഹന്നാൻ സ്നാപകൻ .അദ്ദേഹം ആരാണെന്നും ആരല്ലായെന്നും വ്യക്തമായ ബോധ്യം തനിക്കുണ്ടായിരുന്നു .ഒരു സമൂഹത്തിൽ വ്യത്യസ്തനായി ജീവിക്കുക എന്നത് വളരെ വിഷമമാണ് .ഇന്ന് യൗവനക്കാർ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ സമ്മർദം സഹപാടികളിൽ
നിന്നുള്ള സമ്മർദം (Peer pressure ) ആണ്. വ്യത്യസ്തനായി ജീവിക്കാം എന്നതിൻ്റെ തെളിവാണല്ലോ ദാനിയേലും മൂന്ന് എബ്രായ ബാലന്മാരും .
യോഹന്നാൻ സ്നാപകൻ ആരാണ് എന്നതിനെക്കുറിച്ച്
സംശയവും ചോദ്യങ്ങളും സമൂഹത്തിൽ ഉണ്ടായിരുന്നു .അദ്ദേഹം
ആർ എന്നു യോഹന്നാനോടു ചോദിക്കേണ്ടതിന്നു യെഹൂദന്മാർ യെരൂശലേമിൽ നിന്നു പുരോഹിതന്മാരെയും ലേവ്യരെയും അവന്റെ അടുക്കൽ അയച്ചു (യോഹ 1: 19 ). യാതൊരു സംശയവും ഇല്ലാതെ യോഹന്നാൻ പറഞ്ഞു”ഞാൻ ക്രിസ്തു അല്ല”.പിന്നെ എന്തു? നീ ഏലീയാവോ എന്നു അവനോടു ചോദിച്ചതിന്നു: അല്ല എന്നു പറഞ്ഞു. നീ ആ പ്രവാചകനോ? എന്നതിന്നു: അല്ല എന്നു അവൻ ഉത്തരം പറഞ്ഞു.(യോഹ 1:21) .
എങ്കിൽ പിന്ന് നീ ആരാകുന്നുവെന്നതായിരുന്നു അവരുടെ അടുത്ത ചോദ്യം .അതിനും വ്യക്തമായ മറുപടി നൽകി .
” അതിന്നു അവൻ: യെശയ്യാപ്രവാചകൻ പറഞ്ഞതുപോലെ: കർത്താവിന്റെ വഴി നേരെ ആക്കുവിൻ എന്നു മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്ദം ഞാൻ ആകുന്നു എന്നു പറഞ്ഞു “
(യോഹ 1: 23 ) .
എന്തൊരു തിരിച്ചറിവ് ? താൻ ആരല്ലായെന്നും ആരാണെന്നും
വ്യക്തമായ ഉത്തരം നൽകി .മാത്രമല്ല ,തൻ്റെ ദൗത്യം എന്താണ് എന്നും പറഞ്ഞു .കർത്താവിനു വേണ്ടി വഴി ഒരുക്കുകയായിരുന്നു
യോഹന്നാൻ്റെ ദൗത്യം .
നിങ്ങൾ ആരാണ് ,ആരല്ല ?നമുക്ക് ഒരു ദൗത്യം ഉണ്ട് .അത് പൂർത്തീകരിക്കാനുള്ള ശക്തിയാണ് നമ്മുടെ മേലുള്ള അഭിഷേകം .
