മോസ്‌കോ : ഇറാനെതിരായ യുഎസ്- ഇസ്രയേല്‍ ആക്രമണത്തെ അപലപിച്ച് റഷ്യ. പ്രകാപനങ്ങളില്ലാതിരുന്നിട്ടും മുന്‍കൂട്ടി ആസൂത്രണം ചെയ്ത ആക്രമണമാണ് ഇറാനെതിരെ നടന്നത് എന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. ആക്രമണങ്ങള്‍, മേഖലയില്‍ മാനുഷികവും സാമ്പത്തികവും ആണവ ദുരന്തവും ഉണ്ടാക്കും. സൈനിക നീക്കങ്ങള്‍ നിര്‍ത്തിവച്ച് ചര്‍ച്ചകളുടെ പാതയിലേക്ക് മടങ്ങമെന്നും റഷ്യ ആവശ്യപ്പെട്ടു. യുഎസും ഇസ്രായേലും പശ്ചിമേഷ്യയെ യുദ്ധക്കെടുതിയിലേക്ക് തള്ളിവിടുകയാണ്. നിരുത്തരവാദപരമായ നീക്കങ്ങള്‍ മേഖലയെ അസ്ഥിരപ്പെടുത്തുമെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യത്തെ ലോക രാഷ്ട്രങ്ങളും അപലപിച്ചു. സാഹചര്യം ആശങ്കാജനകമാണെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്നും യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയും പറഞ്ഞു. മേഖലയിലെ സംഭവവികാസങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്നും എല്ലാ കക്ഷികളും അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കണമെന്നും സ്‌പെയിന്‍ വിദേശകാര്യ മന്ത്രി ജോസ് മാനുവല്‍ അല്‍ബാരസ് ആവശ്യപ്പെട്ടു. ഇസ്രയേല്‍ ആക്രമണങ്ങളെയും യുഎസ് സൈനിക നടപടിയെയും മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം അപലപിച്ചു.
ഇറാന്‍ സിവിലിയന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതായി ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി പ്രതികരിച്ചു. അടിച്ചമര്‍ത്തലിനെതിരായ പോരാട്ടത്തില്‍ ഇറാനിലെ ധീരരായ ജനതയ്ക്കൊപ്പം നില്‍ക്കുന്നതായി ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് പ്രതികരിച്ചു. എന്നാല്‍ ഇറാന്‍ ആണവായുധം കൈവശം വയ്ക്കുന്നത് തടയാനുള്ള ശ്രമങ്ങളില്‍ യുഎസിനെ പിന്തുണയ്ക്കുന്നതായും അദ്ദേഹം പറഞ്ഞു. വിശാലമായ ഒരു പ്രാദേശിക സംഘര്‍ഷത്തിലേക്ക് വിഷയം നീങ്ങരുതെന്ന് ബ്രിട്ടണ്‍ പ്രതികരിച്ചു.
