ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായിരുന്ന ജോൺ പോൾ മാർപാപ്പ രണ്ടാമൻ 25 വർഷങ്ങൾക്ക് മുമ്പ് നടത്തിയ ചരിത്ര പ്രഖ്യാപനമായിരുന്നു തലക്കെട്ടിൽ പറഞ്ഞ ‘മിയ കൂൾ പാ’ എന്നത്. സഭയും നേതൃത്വവും ലോകത്തോട് ചെയ്ത
അപരാധങ്ങൾക്ക് വലിയ ഇടയൻ നടത്തിയ ഈ കുമ്പസാരം ചരിത്രത്തിൽ ഇടം നേടി. ഇതിനെ അനുസ്മരിക്കുന്ന തരത്തിലുള്ള ഒരു പ്രഖ്യാപനമാണ് എ ജി മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് ആദരണിയനായ പാസ്റ്റർ ടി ജെ ശാമുവേൽ നടത്തിയത്.
കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി സഭയിൽ നിലനിന്നിരുന്ന വിഭാഗീയതക്ക് അന്ത്യം കുറിച്ചു എന്നാണ് അദ്ദേഹത്തിൻ്റെ പ്രഖ്യാപനം. ആത്മാർത്ഥതയോടെയാണ് ഇത് നടത്തിയതെങ്കിൽ പ്രഖ്യാപനത്തെ അഭിനന്ദിക്കുന്നു.
എ ജി സമൂഹത്തിൻ്റെ ലോക്കൽ തലം മുതൽ നിലനിന്നിരുന്ന വിഭാഗീയതക്ക് അവസാനമാകുമെന്ന് പ്രതീക്ഷിക്കുന്നു. സഭയുടെ വിവിധ തലങ്ങളിൽ നടക്കുന്ന തിരഞ്ഞെടുപ്പുകളിൽ ഗ്രൂപ്പ് യോഗങ്ങളും പാനൽ കൂട്ടായ്മകളും നേതൃത്വം വിലക്കിയത് വിപ്ലവകരമായ തിരുമാനമായി കരുതുന്നു. അതിന് ശ്രമിക്കുന്നവർക്കെതിരെ നടപടി എടുക്കാനുള്ള തീരുമാനവും സ്വാഗതാർഗമാണ്. സഭക്ക് സമൂഹത്തിൽ സാക്ഷ്യം നഷ്ടപ്പെടുന്ന വിഭാഗീയ പ്രവർത്തനങ്ങളിൽ നിന്നും നേതൃത്വം പിൻമാറിയാൽ സഭകളിൽ സമാധാനം പുലരും.
എജി നേതൃത്വം എടുത്ത തീരുമാനം മറ്റ് സഭകളും മാതൃകയാക്കേണ്ടതാണ്. അധികാരക്കസേരയ്ക്കുവേണ്ടി നടത്തുന്ന വിധ്വംസക പ്രവർത്തനങ്ങൾ സഭക്ക് സമൂഹത്തിൽ അവമതിപ്പ് ഉണ്ടാക്കികൊണ്ടിരിക്കുന്നു. വാർത്താചാനലുകളിലും സാമൂഹ്യമാധ്യമങ്ങളിലും ഇത്തരം വാർത്തകളും വീഡിയോകളും പ്രചരിപ്പിക്കുന്നവർ സായൂജ്യം അടയുമ്പോൾ നഷ്ടപ്പെടുന്നത് സഭയുടെ സാക്ഷ്യമാണ്…
അഭിപ്രായ വ്യത്യാസങ്ങൾ ഒരു മേശക്കു ചുറ്റുമിരുന്ന് ചർച്ച ചെയ്ത് പരിഹരിക്കാൻ നേതൃത്വം തയ്യാറാകണം. തുടർച്ചയായ വ്യവഹാരങ്ങളും പൊളിക്കലും പൂട്ടലും ഒന്നും ആത്മീയർ എന്നഭിമാനിക്കുന്നവർക്ക് ഭൂഷണമല്ല. അത്തരം പ്രവർത്തനങ്ങൾ നടത്തുന്നവരെ സമൂഹവും വിശ്വാസികളും അവജ്ഞയോടെ കണ്ടാൽ അവരെ കുറ്റപ്പെടുത്താനാവില്ലല്ലോ ?
സുവിശേഷത്തിൻ്റെ വക്താക്കളായ പെന്തെക്കോസ്ത് നേതൃത്വം ഒരു പുനർവിചിന്തനത്തിന് തയ്യാറാകേണ്ടതുണ്ട്. അപ്പൊസ്തലനായ പൗലൊസിൻ്റെ പ്രബോധനം ശ്രദ്ധേയമാണ്: “സഹോദരന്മാരേ, നിങ്ങൾ എല്ലാവരും ഒന്നു തന്നേ സംസാരിക്കയും നിങ്ങളുടെ ഇടയിൽ ഭിന്നത ഭവിക്കാതെ ഏകമനസ്സിലും ഏകാഭിപ്രായത്തിലും യോജിച്ചിരിക്കയും വേണം എന്നു ഞാൻ നിങ്ങളെ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമം ചൊല്ലി പ്രബോധിപ്പിക്കുന്നു”(1 കൊരി 1:10). കേരളത്തിലെ മുഖ്യധാരാപെന്തെക്കോസ്ത് സഭകൾ മിക്കതും വിഭാഗീയതയ്ക്കും അതുവഴി പിളർപ്പുകൾക്കും കാരണമായിട്ടുണ്ട്.
ആഴിയെന്നോർക്കാതെ ആഴം ആരായാതെ ഇറങ്ങിയ പിതാക്കന്മാർ നടന്നു നീങ്ങിയ വഴികൾ ഏറെ ദുഷ്ക്കരമായിരുന്നു. അവർ സഹിച്ച കൊടിയ പീഡനങ്ങളാണ് സഭകളുടെ വളർച്ചക്ക് കാരണമായത്. പുറത്തു നിന്നും പീഡനങ്ങൾ നേരിട്ടുകൊണ്ടിരിക്കുമ്പോൾ നമ്മുടെ തമ്മിലടികൾ അവസാനിപ്പിച്ചേ മതിയാകൂ.
വിഭാഗീയതയുടെ വിഷവിത്തുകൾ ഇനിയും ആരും വിതക്കരുതേ…! പണ്ടത്തേപ്പോലെ ഒരു നല്ല കാലത്തിലേക്ക് നമുക്ക് മടങ്ങിവരാം!
