പാരിസ്: ഫ്രാൻസിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു. പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർണു അപ്രതീക്ഷിതമായി രാജിവച്ചു. പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി ഒരു മണിക്കൂർ നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് രാജിവയ്ക്കുന്നതായി അറിയച്ചത്. തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം 27 ദിവസം മാത്രമാണ് പ്രധാനമന്ത്രി പദവിയിൽ ലെകോർണു തുടർന്നത്. മന്ത്രിസഭ പ്രഖ്യാപിച്ച് ഒരു ദിവസം പോലും തികയും മുമ്പാണ് ഇപ്പോൾ രാജി പ്രഖ്യാപിച്ചതായി അറിയിച്ചത്.
ഫ്രാൻസിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെയാണ് ഈ രാജി. ഫ്രാങ്കോയിസ് ബെയ്‌റൂവിന്റെ സർക്കാർ തകർന്നതിനെ തുടർന്നാണ് ലെകോർണു പ്രധാനമന്ത്രിയായി ചുമതലയേറ്റത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ അഞ്ച് പ്രധാനമന്ത്രിമാർ രാജിവച്ച് മാറിയിരിക്കുന്നു. ചെലവ് ചുരുക്കൽ നടപടികൾ പരാജയപ്പെട്ടതിൽ പാർലമെന്റിൽ അതൃപ്തി വ്യാപകമാണ്.
ലെകോർണുവിന്റെ രാജിക്ക് പിന്നാലെ, നാഷണൽ റാലി പ്രസിഡന്റ് ജോർദാൻ ബാർഡെല്ല ദേശീയ അസംബ്ലി പിരിച്ചുവിടണമെന്ന് മാക്രോണിനോട് ആവശ്യപ്പെട്ടു. “പുതിയ തിരഞ്ഞെടുപ്പിലേക്ക് പോകാതെ സ്ഥിരത കൈവരിക്കാനാവില്ല,” ബാർഡെല്ല വ്യക്തമാക്കി. അടുത്ത വർഷത്തെ ചെലവ് ചുരുക്കൽ ബജറ്റിന് പാർലമെന്റിന്റെ അംഗീകാരം നേടുക എന്നതായിരുന്നു പുതിയ പ്രധാനമന്ത്രിക്ക് മുന്നിലുണ്ടായിരുന്ന പ്രധാന വെല്ലുവിളി.
ഫ്രാൻസ് നേരിടുന്ന പൊതുകടഭാരവും രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കുന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം, യൂറോപ്യൻ യൂണിയനിൽ ഗ്രീസിനും ഇറ്റലിക്കും പിന്നിൽ മൂന്നാമതാണ് ഫ്രാൻസിന്റെ കടം-ജിഡിപി അനുപാതം. രാഷ്ട്രീയ അസ്ഥിരതയും സാമ്പത്തിക പ്രതിസന്ധിയും ഫ്രാൻസിനെ വലിയ വെല്ലുവിളികൾക്ക് മുന്നിൽ നിർത്തുകയാണ്.
