കുമ്പനാട് : ജനറൽ കൺവൻഷന് മുന്നോടിയായി ആരംഭിച്ച 102 ദിന ഉപവാസ പ്രാർത്ഥന ഐപിസി ജനറൽ പ്രസിഡൻ്റ് പാസ്റ്റർ പാസ്റ്റർ വൽസൻ എബ്രഹാം ഉദ്ഘാടനം ചെയ്തു. നിരന്തരമായ പ്രാർത്ഥനയുടെ ഫലമായി ഐപിസി ജനറൽ കൗൺസിലിൻ്റെ കടബാധ്യതകൾ മുഴുവൻ വീട്ടിയതായി ജനറൽ പ്രസിഡൻ്റ് ഉദ്ഘാടന സന്ദേശത്തിൽ അറിയിച്ചു. നാം പ്രാർത്ഥിക്കുമ്പോൾ
ദൈവം എല്ലാ ആവശ്യങ്ങളും നിവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. പത്ത് വർഷങ്ങൾക്ക് മുൻപ് ,അന്നത്തെ ഭരണ സമതി ഒരു കോടി അറുപത് ലക്ഷം രൂപാ ബാങ്കിൽ നിന്ന് വായ്പ എടുത്തിരുന്നു. പാസ്റ്റർ വൽസൻ ഏബ്രഹാം ചുമതല ഏൽക്കുമ്പോൾ ഒരു കോടി മുപ്പത് ലക്ഷം രൂപാ കടം ഉണ്ടായിരുന്നു .
സെപ്റ്റംബർ 20ന് അത് ഇരുപത് ലക്ഷമായി
കുറഞ്ഞിരുന്നു. എന്നാൽ 27 ന് മുഴുവൻ കടവും വീട്ടുവാൻ
ദൈവം വഴി തുറന്നു . അദ്ദേഹത്തിൻ്റെ രോഗസൗഖ്യത്തിനായി പ്രാർത്ഥിച്ച വിശ്വാസ സമൂഹത്തിന്അദ്ദേഹം നന്ദി അറിയിച്ചു .
പാസ്റ്റർ സി. സി. ഏബ്രഹാമിൻ്റെ അദ്ധ്യക്ഷതയിൽ കുമ്പനാട് പ്രയർ ചേമ്പറിൽ രാവിലെ ആരംഭിച്ച ഉപവാസ പ്രാർത്ഥനയിൽ പാസ്റ്റർ ഫിലിപ്പ് പി. തോമസ് മുഖ്യ പ്രഭാഷണം നടത്തി. പാസ്റ്റർമാരായ കെ.പി. കുര്യൻ , രാജു ആനിക്കാട് എന്നിവരും സഹോദരന്മാരായ വർക്കി ഏബ്രഹാം കാച്ചാനത്ത്, ജയിംസ് ജോർജ് എന്നിവരും പ്രസംഗിച്ചു .പാസ്റ്റർ ഷാജി നെടുമ്പ്രം ഗാനശുശ്രൂഷക്ക് നേതൃത്യം നൽകി .
തുടർന്ന് എല്ലാ ദിവസവും രാവിലെ 9:30 മുതൽ 12:30 വരെ പ്രാർത്ഥന ഉണ്ടായിരിക്കും . 2026 ജനുവരി 11 മുതൽ 18 വരെയാണ് ജനൽ കൺവൻഷൻ നടക്കുന്നത്.
