ടെഹ്റാൻ: യുഎസുമായുള്ള വെടിനിർത്തൽ കരാറിൻ്റെ അവിഭാജ്യ ഘടകമാണ് ലെബനനെന്ന് ഇറാൻ. വെടിനിർത്തൽ കരാറിൻ്റെ ലംഘനം ഗുരുതരമായ പ്രത്യാഘാതം ക്ഷണിച്ചുവരുത്തുമെന്ന് ഇറാൻ പാർലമെന്റ് സ്‌പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ് പറഞ്ഞു. ഇസ്രായേൽ ലെബനനിൽ വ്യാപക ആക്രമണം തുടരുന്നതിനിടെയാണ് മുന്നറിയിപ്പ്.
‘ലെബനനും മുഴുവൻ പ്രതിരോധ സഖ്യവും ഇറാന്റെ സഖ്യകക്ഷികളായതിനാൽ അവർ വെടിനിർത്തൽ കരാറിൽ നിന്ന് ഒഴിവാക്കാനാകാത്ത ഘടകമാണ്. ഇത് ഇറാന്റെ 10 ഇന വെടിനിർത്തൽ നിർദേശത്തിലെ ആദ്യ ഇനമാണ്. പാക് പ്രധാനമന്ത്രി ശഹബാസ് ഷെരീഫ് ഇക്കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതിൽ ഇനി നിഷേധമോ പിന്നോട്ടുപോകലോ ഇല്ല. വെടിനിർത്തർ കരാർ ലംഘനത്തിന് കനത്ത വില നൽകേണ്ടിവരും. ശക്തമായ തിരിച്ചടിയും നൽകും. ഇപ്പോൾ കത്തുന്ന തീ എത്രയും വേഗം അണയ്ക്കുക’ -ഖാലിബാഫ് എക്സ് പോസ്റ്റിൽ പറഞ്ഞു.
