ലണ്ടന്‍: ഇറാന്റെ സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോറിനെ(ഐആര്‍ജിസി)ഭീകരവാദ സംഘടനയായി പ്രഖ്യാപിച്ച് ബ്രിട്ടണ്. ആഭ്യന്തര സെക്രട്ടറി ഷബാന മഹ്മൂദ് ഇന്ന് പാര്‍ലമെന്റില്‍ നടത്തിയ പ്രഖ്യാപനത്തിലാണ് ഐആര്‍ജിസിയെ ഭീകരവാദ സംഘടനയായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇതോടെ ബ്രിട്ടണില്‍ ഐആര്‍ജിസിയെ പിന്തുണയ്ക്കുന്നതും സഹായിക്കുന്നതും ക്രിമിനല്‍ കുറ്റമായി മാറും.
പുതിയ നിയമപ്രകാരം ഐആര്‍ജിസിക്ക് അനുകൂലമായി പൊതുവേദികളില്‍ അഭിപ്രായം പ്രകടിപ്പിക്കല്‍, സംഘടനയെ സഹായിക്കല്‍, അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്കല് എന്നിവയ്ക്ക് പരമാവധി 14 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം. പാര്‍ലമെന്റിന്റെ അംഗീകാരം ലഭിച്ചാല്‍ നിയമം പ്രാബല്യത്തില്‍ വരും.
ബ്രിട്ടന്റെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയുയര്‍ത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഐആര്‍ജിസി ഏര്‍പ്പെട്ടിട്ടുണ്ടെന്ന വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഈ നടപടിയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ബ്രിട്ടനിലെ ജൂത, ഇസ്രായേല്‍ സമൂഹങ്ങളെ ലക്ഷ്യമിട്ട് നടന്ന ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇറാന് അനുകൂല സംഘടനകളാണെന്ന് സര്‍ക്കാര്‍ ആരോപിക്കുന്നു.
‘ഭീതി, വിഭജനം, അക്രമം എന്നിവ പരത്താന്‍ വിദേശ ശക്തികള്‍ക്ക് ബ്രിട്ടനെ കളിസ്ഥലമാക്കാന്‍ അനുവദിക്കില്ല’ എന്നായിരുന്നു പ്രധാനമന്ത്രി കിയ സ്റ്റാമറിന്റെ പ്രതികരണം. പുതിയ നിയമം ഉപയോഗിച്ച് രാജ്യത്തിനുള്ളില്‍ വിദേശ ശക്തികള്‍ക്കായി പ്രവര്‍ത്തിക്കുന്നവരെ കൂടുതല്‍ എളുപ്പത്തില്‍ വിചാരണ ചെയ്ത് ശിക്ഷിക്കാന്‍ കഴിയുമെന്നും കിയ സ്റ്റാമര്‍ വ്യക്തമാക്കി.
രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ ഇത്തരം കടുത്ത നടപടികള്‍ അത്യന്താപേക്ഷിതമാണെന്ന് ആഭ്യന്തര സെക്രട്ടറി വ്യക്തമാക്കി. ഐആര്‍ജിസിയെ കൂടാതെ മറ്റ് രണ്ട് സംഘടനകളെ കൂടി ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ബ്രിട്ടന് തീരുമാനിച്ചിട്ടുണ്ട്. ബ്രിട്ടണിലെ യഹൂദ കേന്ദ്രങ്ങള്‍ക്ക് നേരെ നടന്ന ആക്രമണങ്ങളുമായി ബന്ധമുള്ള ഇസ് ലാമിക് മൂവ്മെന്റ് ഓഫ് ദ കമ്പാനിയന്‍സ് ഓഫ് ദ റൈറ്റ് (IMCR), റഷ്യന്‍ സൈനിക ഇന്റലിജന്‍സിന്റെ രാജ്യാന്തര വിഭാഗമെന്ന് അറിയപ്പെടുന്ന റഷ്യന്‍ ഫെഡറേഷന് വോളന്റിയര്‍ കോര്‍ (GRU) എന്നിവയാണ് മറ്റ് സംഘടനകള്‍.
