കൊയ്ത്തിനായി വിളഞ്ഞു കിടക്കുന്ന വയലിനെക്കുറിച്ച് കർത്താവ്
യോഹന്നാൻ 4:35 ൽ പറഞ്ഞു .അതിനു ശേഷം ,കൊയ്ത്തുകാരുടെ
അറിവിനായി മറ്റു ചില കാര്യങ്ങൾ 37,38 വാക്യങ്ങളിൽ പറഞ്ഞു .
“ഒരുവൻ വിതെക്കുന്നു, മറ്റൊരുവൻ കൊയ്യുന്നു എന്നുള്ള വാക്ക് ഇതിൽ സത്യമായിരിക്കുന്നു. നിങ്ങൾ അധ്വാനിക്കാത്തത് കൊയ്യുവാൻ ഞാൻ നിങ്ങളെ അയച്ചു; മറ്റുള്ളവർ അധ്വാനിച്ചു; അവരുടെ അധ്വാനത്തിന്റെ ഫലം നിങ്ങൾ അനുഭവിക്കുന്നു.”
എന്നാണ് കർത്താവ് പറഞ്ഞത് .
“ഒരുവൻ വിതെക്കുന്നു, മറ്റൊരുവൻ കൊയ്യുന്നു” എന്നുള്ള കാര്യം ആരുംവിസ്മരിക്കരുത് .
കൃഷിയിൽ വിത്ത് വിതയ്ക്കുന്നവനും വിള കൊയ്യുന്നവനും ഒരേ വ്യക്തിയായിരിക്കണമെന്നില്ല. ആത്മാക്കളെ നേടുന്നതും അതുപോലെയാണ് .ഒരാൾ സുവിശേഷം പറയുന്നു ,
മറ്റൊരാൾ പ്രാർത്ഥിക്കുന്നു ,
മറ്റൊരാൾ സ്നേഹത്തോടെ സാക്ഷ്യം പറയുന്നു ,പിന്നീട് മറ്റൊരാൾ ആ വ്യക്തിയെ ക്രിസ്തുവിലേക്ക് നയിക്കുന്നു .എന്നാൽ ഇതിൻ്റെയെല്ലാം മഹത്വം കൊയ്ത്തുകാരൻ
എടുക്കാൻ പാടില്ല .മിക്കപ്പോഴും പലരുടെ അദ്ധ്വാനത്തിൻ്റെ ഫലമാണ് ഒരാൾ രക്ഷിക്കപ്പെടുന്നതും ,സ്നാനപ്പെടുന്നതും ,സഭയിൽ അംഗം
ആകുന്നതും .പലരും അവർ സ്നാനപ്പെടുത്തിയവരുടെ എണ്ണം പറഞ്ഞു പുകഴാറുണ്ട് .മറ്റുള്ളവർ വിതച്ചതാണ് നാം കൊയ്യുന്നതെന്ന്
മറക്കരുത് .കൊയ്യുന്നവർ മാത്രം ദൈവത്തിന്റെ വേലക്കാരനല്ല; വിത്ത് വിതച്ചവനും ,നനച്ചവനും അതേപോലെ വേലക്കാരനാണ്.
ഓരോ ദേശത്തും നമുക്ക് മുൻപായി സുവിശേഷം അറിയിച്ചവരും ,
പട്ടിണി കിടന്ന വരും ഉണ്ട് .അവരുടെ കാലത്ത് ആത്മാക്കളുടെ
കൊയ്ത്ത് നടന്നില്ലായെന്നത് അവരുടെ പരാജയമല്ല .
ദൈവത്തിന്റെ പ്രവർത്തനം നമ്മളിൽ നിന്ന് ആരംഭിക്കുന്നതല്ല.
നമ്മൾ വരുന്നതിന് മുമ്പും ദൈവം മറ്റ് പലരിലൂടെയും പ്രവർത്തിച്ചിട്ടുണ്ട്. എല്ലാം നമ്മുടെ നേട്ടമെന്ന് അഹങ്കരിക്കരുത് .
ഒരു വ്യക്തി കൊയ്ത്ത് കണ്ടിട്ട്:“ഈ ആത്മാക്കളെ ഞാൻ നേടി.”എന്ന് പറയരുത് .
1 കൊരിന്ത്യർ 3:6-ൽ പൗലോസ് പറയുന്ന കാര്യം നോക്കുക .
“ഞാൻ നട്ടു, അപ്പൊല്ലോസ് നനച്ചു, ദൈവമോ വളരുമാറാക്കി.”
വിത്തു വിതച്ചവരെ ചെറുതാക്കരുത്; കൊയ്ത്തുകാരനെ മഹത്വപ്പെടുത്തുകയും അരുത് .എല്ലാവരും കൊയ്ത്തിൽ പങ്കാളികളാണ്.അതുകൊണ്ട് നാം പറയേണ്ടത് “ഞാൻ കൊയ്തു” എന്നതല്ല,“ദൈവം എന്നെ തന്റെ കൊയ്ത്തിൽ പങ്കാളിയാക്കി” എന്നതാണ്.
വിത്ത് വിതക്കാത്ത വയലുകൾ ഇനിയും ബാക്കിയുണ്ട് .എന്നാൽ
നാം കാലങ്ങളായി വിതക്കുന്നത് ഒരേ വയലിലാണ് .വിതക്കാനും
നനക്കാനും കൊയ്യാനും പോകാതെ ,മറ്റുള്ളവർ കൊയ്ത കറ്റകൾ മോഷ്ടിച്ച് സഭ വളർത്തുന്നവരും ഉണ്ടു് .അക്വേറിയത്തിൽ നിന്നും
മീൻ പിടിക്കുന്നവരാണ് ഇവർ .ആടു മോഷണം എന്നും പറയാം .

