നാം ചിന്തിക്കുകയും പദ്ധതികൾ ഒരുക്കുകയും ചെയ്യുന്നതുപോലെ ജീവിതത്തിൽ എല്ലാ കാര്യങ്ങളും എല്ലായിപ്പോഴും സംഭവിക്കണം എന്നില്ല. സ്വപ്നങ്ങൾ ചിലപ്പോൾ വീണ്ടും വീണ്ടും തകർന്നു പോയേക്കാം. നിരാശയും ദുഃഖവും നമ്മെ കീഴടക്കാം. മനുഷ്യരെ അഭിമുഖീകരിക്കുക വലിയ ബുദ്ധിമുട്ടുള്ള കാര്യമാകാം. “എന്താണ് നീ ഇത്രനാളായിട്ട് നേടിയത്?” എന്ന ചോദ്യത്തെ അഭിമുഖീകരിക്കുവാൻ നമുക്ക് ബുദ്ധിമുട്ടുണ്ടാകും.
കുറ്റം വിധിക്കുവാനും അപമാനിക്കുവാനും വേദനിപ്പിക്കുവാനും നാല് ചുറ്റിലും ആളുകൾ ഉണ്ടാകും. പരിശ്രമങ്ങളെല്ലാം പാഴായത് പോലെ. പ്രാർത്ഥനകൾക്കൊന്നും മറുപടി കിട്ടാത്തതുപോലെ. ചോദ്യങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു. ഭാവി ഭയപ്പെടുത്തുന്നു. നന്മയെ കാണുക വലിയ ബുദ്ധിമുട്ടുള്ള കാര്യം പോലെ.
അത്തരം ഒരു ജീവിത സാഹചര്യത്തെ നേരിടുന്ന ഒരു വ്യക്തിയാണോ നിങ്ങൾ? എങ്കിൽ ധൈര്യപ്പെടുക. ഇത് പരാജയപ്പെട്ടവരുടെ കഥയല്ല. ദൈവം തിരഞ്ഞെടുത്ത, ദൈവം ഏറ്റവും കൂടുതൽ അനുഗ്രഹിച്ച, ദൈവം ഏറ്റവും കൂടുതൽ ശക്തമായി ഉപയോഗിച്ച മനുഷ്യരുടെ കഥയാണിത്.
ഉല്പത്തി പുസ്തകത്തിലെ യോസേഫിനെ നോക്കുക. അവന് ഒരു സ്വപ്നം ഉണ്ടായിരുന്നു; ദൈവം കൊടുത്ത ഒരു സ്വപ്നം. പക്ഷേ തുടക്കത്തിൽ കുറച്ചു കാലം അവന്റെ ജീവിതത്തിൽ സംഭവിച്ച സകലതും അവന്റെ സ്വപ്നങ്ങൾക്കും പ്രതീക്ഷകൾക്കും വിപരീതമായിരുന്നു. അവന്റെ സഹോദരന്മാർ അവനെ വെറുത്തു. അവനെ അവർ പൊട്ടക്കിണറ്റിൽ ഇട്ടു കളഞ്ഞു. ചെയ്യാത്ത കുറ്റം അവന്റെ മേൽ അടിച്ചേൽപ്പിക്കപ്പെട്ടു. അതിന്റെ പേരിൽ അവന് കാരാഗ്രഹത്തിൽ കിടക്കേണ്ടി വന്നു.
അവൻ അനുഭവിച്ച വെറുപ്പും, അവൻ വീണ കുഴിയും, അവന്റെ മേൽ അടിച്ചേൽപ്പിക്കപ്പെട്ട ആരോപണവും, അവന് കിടക്കേണ്ടിവന്ന തടവറയുമെല്ലാം അവന്റെ സ്വപ്നസാക്ഷാത്കാരത്തിലേക്കുള്ള ചവിട്ടുപടികൾ ആണെന്ന് അവന് പിന്നീടാണ് മനസ്സിലാക്കുവാൻ കഴിഞ്ഞത്. അവൻ അവിടെ കഷ്ടപ്പെടുകയായിരുന്നില്ല. അവന്റെ സ്വപ്നത്തിലേക്ക് അവൻ പതിയെ പതിയെ നടന്നു നീങ്ങുകയായിരുന്നു.
നിങ്ങളുടെ ജീവിതത്തിലെ പ്രശ്നങ്ങളും പരീക്ഷണങ്ങളും നിങ്ങളുടെ അവസാനമല്ല, നിങ്ങളുടെ തുടക്കമാണ്. നിങ്ങൾക്ക് സ്വപ്നങ്ങൾ ഉണ്ട്. പക്ഷേ ആ സ്വപ്നങ്ങളേക്കാൾ സുന്ദരമായ പദ്ധതികൾ ദൈവം നിങ്ങൾക്ക് വേണ്ടി ഒരുക്കുന്നുണ്ട്. ദൈവം വെറുക്കുന്നില്ല, അവൻ നിങ്ങളെ സ്നേഹിക്കുന്നു. ദൈവം നിരാശപ്പെടുത്തുകയില്ല, അവൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ദൈവം നിങ്ങളെ കുറ്റം വിധിക്കുകയില്ല, അവൻ നിങ്ങളെ സഹായിക്കുന്നു.
വിശ്വാസമുള്ളവർ ആയിരിക്കുക. നിരന്തരം പ്രാർത്ഥിക്കുക. ദൈവത്തിന്റെ വചനം എന്നും ധ്യാനിക്കുക. ഒരിക്കലും ധൈര്യം കൈവിടരുത്. ആരും നിങ്ങളെ മനസ്സിലാക്കുന്നില്ല എന്ന് കരുതരുത്. സകലവും അറിയുന്ന ദൈവം നിങ്ങളെ പൂർണ്ണമായി മനസ്സിലാക്കുന്നുണ്ട്.
മനസ്സ് വിഷമിക്കുമ്പോൾ നിങ്ങൾക്ക് വിശ്വസിക്കുവാൻ കഴിയുമെന്ന് ഉറപ്പുള്ള ആരെങ്കിലുമായി നിങ്ങളുടെ മനസ്സിലെ ഭാരങ്ങളെ പങ്കുവയ്ക്കുക. ആത്മീയമായും വൈകാരികമായിട്ടും നിങ്ങൾക്ക് ശക്തി പകരുവാൻ കഴിയുന്ന ഒരാൾ. വളരെ ബുദ്ധിയോടുകൂടി അങ്ങനെ ഒരാളെ കണ്ടെത്തുക. ആ വ്യക്തിയുമായി സംസാരിക്കുക. ആ വ്യക്തിയോടൊത്ത് പ്രാർത്ഥിക്കുക. അങ്ങനെ ഒരാളുടെ പിന്തുണ നിങ്ങൾ ഒറ്റയ്ക്കല്ല എന്ന ഒരു ബോധം നിങ്ങളിൽ എപ്പോഴും നിലനിർത്തും.
വിശ്വാസത്തെ മുറുകെ പിടിക്കുക. പോകേണ്ട വഴിയിൽ തന്നെയാണ് നിങ്ങളുടെ ജീവിതം കൃത്യമായി പോയിക്കൊണ്ടിരിക്കുന്നത്. നിങ്ങളുടെ സ്വപ്നങ്ങൾ നിങ്ങൾ പ്രതീക്ഷിക്കുന്നതിലും കൂടുതൽ നിങ്ങളോട് അടുത്തിരിക്കുന്നു.
വീണ്ടും ഓർപ്പിക്കട്ടെ, കാലതാമസങ്ങൾ ഒരു ശാപമല്ല. അബ്രഹാമിനും സാറയ്ക്കും വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നു. ഹന്നാക്കും നീണ്ട കാലം കാത്തിരിക്കേണ്ടി വന്നു. ദാനിയേലിന് വളരെ വലിയ ഒരു സമയം കാത്തിരിക്കേണ്ടി വന്നു. സെഖര്യാവും എലിസബത്തും വളരെ കാലം കാത്തിരുന്നു. കാത്തിരുന്ന അവർ പ്രാർത്ഥന പോലും നിർത്തി. സഹോദരനെ നഷ്ടപ്പെട്ട മാർത്തക്കും മറിയക്കും നാലുദിവസം കാത്തിരിക്കേണ്ടി വന്നു.
താമസിച്ചു എങ്കിലും അവർ എന്ത് കാത്തിരുന്നുവോ അത് അവരുടെ ജീവിതത്തിൽ സംഭവിക്കുക തന്നെ ചെയ്തു.
ദൈവം നിങ്ങളെ സ്നേഹിക്കുന്നു, നിങ്ങൾക്കായി കരുതുന്നു. ദൈവത്തിന്റെ സമയമാണ് ഏറ്റവും ശ്രേഷ്ഠമായ സമയം.
