സങ്കീർത്തനം 24 ഒരു ആരാധനാ ഗീതമാണ്. 3-5, 8,10 വാക്യങ്ങളിലെ ചോദ്യോത്തര രൂപം സൂചിപ്പിക്കുന്നത് സങ്കീർത്തനം ഒരുപക്ഷേ പ്രതിസ്വരസൂചകമായി ആലപിച്ചിരിക്കാമെന്നാണ്. ഒരു ഗായകസംഘമോ ഗായകനായകനോ ചോദ്യങ്ങൾ ചോദിച്ചു, മറ്റൊരാൾ ഉത്തരം നൽകി. ഇത്തരം ഗാനപ്രതിഗാനഘടനയാണ് ഇതിനുള്ളത്.
ദാവീദ് സാക്ഷ്യപെട്ടകം യരൂശലേമിലേക്ക് കൊണ്ടുവരുമ്പോൾ (2 ശമൂ. 6:12-19) ഗായക സംഘം ഇത് ആലപിച്ചു എന്നാണ് ഇതിന്റെ ചരിത്ര പശ്ചാത്തലമായി കണക്കാക്കുന്നത്. യഹൂദന്മാർ ഈ സങ്കീർത്തനം ആഴ്ചവട്ടത്തിന്റെ ഒന്നാം ദിനം പ്രഭാത യാഗാർപ്പണ സമയം ആലപിച്ചിരുന്നു. ക്രൈസ്തവ സഭ ഇതിനെ ക്രിസ്തുവിന്റെ സ്വർഗാരോഹണ ഗീതമായി കണക്കാക്കുന്നു.
ഈ സങ്കീർത്തനം മൂന്ന് ഭാഗങ്ങളായി തിരിക്കാം. 1-2 വാക്യങ്ങൾ ദൈവത്തിന്റെ മണ്ഡലത്തിന്റെ വ്യാപ്തിയും മഹത്വവും പ്രപഞ്ചത്തിൽ പ്രകടമാകുന്നു. 3-6 വാക്യങ്ങൾ ആരാധനയും ധാർമികതയും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തുന്നു. വിശുദ്ധിയോടെ യരൂശലേമിലെ ആരാധനയിൽ പങ്കെടുക്കുന്നതിനുള്ള ആഹ്വാനം. ഈ ഭാഗം സങ്കീർത്തനം 15 നെ അനുസ്മരിപ്പിക്കുന്നുണ്ട്. മൂന്നാമത്തെ ഭാഗം 7-10 വാക്യങ്ങളാണ്, അത് ഒരു വിജയയാത്ര പോലെയാണ്. ഹൃദയം തുറന്ന് ദൈവസന്നിധിയിൽ, മഹത്വത്തിന്റെ രാജാവിന്റെ സന്നിധിയിൽ പ്രവേശിക്കുവാൻ പ്രബോധിപ്പിക്കുന്നു.
യിസ്രായേലിൽ ആരാധന വളരെ നാടകീയമായിരിക്കും. ഒരു ഉത്സവത്തിനായി യരൂശലേം നഗരത്തിലേക്ക് വരുന്ന തീർത്ഥാടകർ ഘോഷയാത്രയായി മാർച്ച് ചെയ്യും. അവർ ഒലിവ് മലയ്ക്ക് ചുറ്റും വരുമ്പോൾ, വിശുദ്ധ നഗരത്തിന്റെയും അതിലെ ആലയത്തിന്റെയും കാഴ്ച അതിമനോഹരമായിരിക്കും. (യെഹെ. 40:5-16 കാണുക.) കിദ്രോൻ താഴ്‌വര കടന്ന്, ഘോഷയാത്ര ദൈവാലയ മുറ്റത്തേക്കുള്ള കവാടത്തിൽ നിർത്തും. “ആരാണ് മഹത്വത്തിന്റെ രാജാവ്?” എന്ന് പുറത്ത് ഗായകസംഘം ചോദിച്ചു കൊണ്ട് ഈ സങ്കീർത്തനം പ്രതിസ്വരമായി ആലപിക്കുമായിരുന്നു. അകത്തു നിന്ന് പുരോഹിതന്മാർ മറുപടി പറയും, “സൈന്യങ്ങളുടെ യഹോവ, മഹത്വത്തിന്റെ രാജാവാണ്.” ഘോഷയാത്രക്കാർ ഉടമ്പടിയുടെ പെട്ടകം ചുമന്നിരുന്നുവെന്ന് ചില വ്യാഖ്യാതാക്കൾ അഭിപ്രായപ്പെടുന്നു.
പ്രകൃതി: നമ്മുടെ ലോകം (24:1-2)
ഈ വാക്യങ്ങൾ ദൈവം പ്രകൃതിയെ (ലോകത്തെ) സൃഷ്ടിച്ചതിനെ ആഘോഷിക്കുന്നു. സങ്കീർണ്ണമായ പാരിസ്ഥിതിക സന്തുലിതാവസ്ഥയും സൗന്ദര്യവും ഉള്ള ഒരു ലോകമാണിത്. ഉഗ്രമായ കൊടുങ്കാറ്റുകളാൽ അത് അസ്വസ്ഥമാകാം. ഈ മനോഹരവും അനന്തവുമായ ലോകം അതിന്റെ സ്രഷ്ടാവിനെയാണ് പ്രതിഫലിപ്പിക്കുന്നത്.
ലോകത്തിന്റെ പുരാതന ചിത്രം കടലിലെ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഒരു തളികയുടെതായിരുന്നു. സങ്കീർത്തനം ആ ധാരണയെ പ്രതിഫലിപ്പിക്കുന്നുണ്ട്.
മനുഷ്യൻ: ഉള്ളിലെ ലോകം (24:3-6)
ഇവിടെയുള്ള ചിന്ത സങ്കീർത്തനം 15-ൽ ഉള്ളതിന് സമാനമാണ് – കർത്താവിന്റെ സന്നിധിയിൽ വന്ന് ആരാധിക്കാൻ ആരാണ് യോഗ്യൻ? (വാക്യം 3). പുരോഹിതന്മാർ ആലയത്തിനുള്ളിൽ നിന്ന് ഉത്തരം നൽകുന്നു. ആരാധകൻ സത്യസന്ധതയുള്ള ആളായിരിക്കണം. അവൻ കൈകളിലും ഹൃദയങ്ങളിലും ശുദ്ധനായിരിക്കണം, അതായത് പ്രവൃത്തിയിലും ഉദ്ദേശ്യത്തിലും. അവന്റെ ഉദ്ദേശ്യങ്ങളും പ്രവൃത്തികളും ശരിയായിരിക്കണം. അവൻ അഹങ്കാരിയോ വഞ്ചകനോ ആയിരിക്കരുത് (വാക്യം 4).
ദൈവം അത്തരം വ്യക്തികളെ അനുഗ്രഹിക്കുകയും ന്യായീകരിക്കുകയും ചെയ്യും (വാക്യം 5). ആരാധനയ്ക്കായി വന്ന തീർത്ഥാടകരെ യോഗ്യരായ ഒരു “തലമുറ”യായി കണക്കാക്കുന്നു (വാക്യം 6).
ദൈവം: അപ്പുറമുള്ള ലോകം (24:7-10)
ഘോഷയാത്രയോടുകൂടിയ ഗായകസംഘം കാവ്യാത്മകമായി ദൈവാലയ കവാടങ്ങളെ അഭിസംബോധന ചെയ്തു (വാക്യം 7). ഉള്ളിൽ നിന്നുള്ള പുരോഹിതന്മാരുടെ ശബ്ദങ്ങൾ, “മഹത്വത്തിന്റെ രാജാവ് ആരാണ്?” എന്ന് മറുപടി നൽകും. ഈ സംഭാഷണം കാവ്യാത്മകവും പഠന മൂല്യമുള്ളതുമാണ്. ഈ ചോദ്യങ്ങളും ഉത്തരങ്ങളും ശ്രവിക്കുന്ന ഘോഷയാത്രയിലെ കുട്ടികളും യുവാക്കളും ഈ ഗാനം ആവർത്തിക്കും.
ഗായകസംഘത്തിന്റെ പ്രതികരണം അതിശയകരമാണ്. അവൻ “യുദ്ധത്തിൽ ശക്തനായ കർത്താവാണ്” (യോദ്ധാവായ ദൈവം) എന്നും അവൻ “സൈന്യങ്ങളുടെ കർത്താവ്” (സൈന്യങ്ങളുടെ ദൈവം) എന്നും അവർ മറുപടി നൽകുന്നു. ശക്തിയും മഹാശക്തിയുമുള്ള ദൈവമായി കർത്താവിനെ കാവ്യാത്മകമായി അവതരിപ്പിക്കുന്നു. യുദ്ധത്തിൽ കർത്താവ് തങ്ങളുടെ സൈന്യങ്ങളെ വിജയത്തിലേക്ക് നയിച്ചതായി യിസ്രായേലിന് തോന്നി. “സൈന്യങ്ങളുടെ കർത്താവ്” എന്ന പദം പഴയനിയമത്തിൽ 250-ലധികം തവണ കാണാം.
കഷ്ടം അനുഭവിച്ച മിശിഹാ ഈ സങ്കീർത്തനത്തിൽ മഹത്വവും ശക്തിയുമുള്ള രാജാവായിരിക്കുന്നു. മരണത്തെയും പാതാളത്തെയും ജയിച്ച കർത്താവ് നമ്മുടെ രാജാവാണ്. അവിടുന്ന് നമ്മെ ഭരിക്കണം. നാം അവിടുത്തെ മഹത്വപ്പെടുത്തണം.
അവന്റെ പ്രവൃത്തി സ്രഷ്ടാവിന്റെയും വീണ്ടെടുപ്പുകാരന്റെയും പ്രവൃത്തിയാണ് (വാക്യം10). പ്രകൃതി അതിന്റെ ദൈവത്തെ മഹത്വപ്പെടുത്തുന്നു (സങ്കീർത്തനം 118:1). അവിടുന്ന് നിത്യനും പരിശുദ്ധനും ശക്തനുമാണ്, അവൻ “മഹത്വത്തിന്റെ രാജാവ്!” അവിടുന്നാണ് സ്രഷ്ടാവ്. ആരാധനയിലും സ്തുതിയിലും സ്തോത്രാർപ്പണത്തിലും മനുഷ്യൻ ദൈവത്തോട് പ്രതികരിക്കണം. യിസ്രായേലിന്റെ ആരാധനയുടെ നാടകീയമായ ചിത്രീകരണമാണ് ഈ സങ്കീർത്തനം.
