ഈ കാലഘട്ടത്തിൻ്റെ ഒരു പ്രത്യേകത ,അറിവിൻ്റെ വിസ്ഫോടനം ആണ്. ഏതു കാര്യവും അറിവാൻ ഇപ്പോൾ വിരൽ തുമ്പ് ചലിച്ചാൽ
മതി. എല്ലാം അറിഞ്ഞിട്ടും മനുഷ്യൻ നിത്യതയെക്കുറിച്ച് അറിയുന്നില്ലായെന്നതാണ്
മറ്റൊരു പ്രത്യേകത.
വീണ്ടും ജനനത്തെക്കുറിച്ച് യേശു ,നിക്കോദിമോസിനോട് സംസാരിക്കുമ്പോൾ ,
നിക്കോദേമൊസ് അവനോടു: ഇതു എങ്ങനെ സംഭവിക്കും എന്നു ചോദിച്ചു… പരീശന്മാരുടെ പ്രമാണിയും ഉപദേശിയുമായ
വ്യക്തിയോട് യേശു ചോദിച്ച മറു ചോദ്യം –
“നീ യിസ്രായേലിന്റെ ഉപദേഷ്ടാവായിരുന്നിട്ടും ഇതു അറിയുന്നില്ലയോ?” ( യോഹ 3:10 ). പഴയ നിയമം പഠിച്ചിട്ടുള്ളയാൾ ഇത് മനസിലാക്കേണ്ടിയിരുന്നതാണ് .
വെള്ളത്താലും ആത്മാവിനാലും ജനിക്കണമെന്ന് യേശു പറഞ്ഞത് , പഴയ നിയമ ഉപദേഷ്ടാവായ നിക്കോദിമോസിന് മനസ്സിലാകുന്ന ഭാഷയാണ് .വെള്ളത്താലുള്ള കഴുകൽ തനിക്കറിയാം ( യെ ഹെസ്കേൽ 36:25-27 ).
തീത്തോസ് 3:4-7 ;എഫെസ്യർ 5:26 ( washing of water , by the word ) എന്നീ വേദഭാഗങ്ങൾ വെള്ളത്താലുള്ള ശുദ്ധീകരണത്തെ ചൂണ്ടി കാണിക്കുന്നു . ഇത് വചനത്താലുള്ള ശുദ്ധീകരണമാണ് .
വചനത്താലുള്ള ശുദ്ധീകരണത്തെക്കുറിച്ച് യോഹന്നാൻ 15:3ൽ യേശു പറഞ്ഞിട്ടുണ്ട് .
“ഞാൻ നിങ്ങളോടു സംസാരിച്ച വചനം നിമിത്തം നിങ്ങൾ ഇപ്പോൾ ശുദ്ധിയുള്ളവരാകുന്നു.”
വചനത്താലാണ് വീണ്ടും ജനനം നടക്കുന്നതെന്ന് 1 പത്രോസ് 1:23 വ്യക്തമാക്കുന്നു .
“കെടുന്ന ബീജത്താലല്ല കെടാത്തതിനാൽ, ജീവനുള്ളതും നിലനിൽക്കുന്നതുമായ ദൈവവചനത്താൽ തന്നേ, നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു.”
പരിശുദ്ധാത്മാവാണ് മനുഷ്യരിൽ പാപബോധം വരുത്തുന്നത്.
പാപിയായ ഒരു മനുഷ്യൻ ദൈവവചനം കേട്ട് പരിശുദ്ധാത്മാ
വിനാൽ പാപബോധം വന്ന് മാനസാന്തരപ്പെടുമ്പോഴാണ്
പുതിയ മനുഷ്യനാകുന്നത് .
എല്ലാ ഉപദേഷ്ടാക്കന്മാരും ഇക്കാലത്ത് മനുഷ്യരിൽ പകരേണ്ട
അറിവ് ഇതാണ് . ഇതാണ് മനുഷ്യരെ നിത്യതക്കായി ഒരുക്കുന്നത് .
മികച്ച വാഗ്മിയായിരുന്ന അപ്പല്ലോസിന് യോഹന്നാൻ്റെ സ്നാനത്തെക്കുറിച്ച്
മാത്രമേ അറിവുണ്ടായിരുന്നുള്ളൂ.
എന്നാൽ താൻ ആത്മാവിൽ എരിവുള്ളവനാകയാൽ അവൻ യേശുവിന്റെ വസ്തുത സൂക്ഷ്മമായി പ്രസ്താവിക്കയും ഉപദേശിക്കയും ചെയ്തു. എഫെസോസിലെ തൻ്റെ പ്രസംഗം കേട്ട ഒരു കുടുംബത്തിന് അപ്പല്ലോസിൻ്റെ അറിവിൻ്റെ പരിമിതി മനസിലായി .
അവർ അവനെ ദൈവവചനം കൂടുതലായി പഠിപ്പിച്ചു .
” അവൻ പള്ളിയിൽ പ്രാഗത്ഭ്യത്തോടെ പ്രസംഗിച്ചുതുടങ്ങി; അക്വിലാസും പ്രിസ്കില്ലയും അവന്റെ പ്രസംഗം കേട്ടാറെ അവനെ ചേർത്തുകൊണ്ടു ദൈവത്തിന്റെ മാർഗ്ഗം അധികം സ്പഷ്ടമായി അവന്നു തെളിയിച്ചുകൊടുത്തു ” ( അ .പ്ര 18:26 ) .
പഠിക്കാൻ മനസുള്ളവരെ പഠിപ്പിക്കാം . എല്ലാം അറിയാമെന്ന്
ഭാവിച്ച് നടക്കുന്നതാണ് അപകടം .
ഉപദേഷ്ടാക്കന്മാർക്ക് ഉപദേശം അറിയില്ലെങ്കിൽ കഷ്ടം തന്നെ .
ഒരു മൂപ്പൻ്റെ യോഗ്യതയെക്കുറിച്ച് പൗലോസ് പറയുന്നത് –
” പത്ഥ്യോപദേശത്താൽ പ്രബോധിപ്പിപ്പാനും വിരോധികൾക്കു ബോധം വരുത്തുവാനും ശക്തനാകേണ്ടതിന്നു ഉപദേശപ്രകാരമുള്ള വിശ്വാസ്യവചനം മുറുകെപ്പിടിക്കുന്നവനും ആയിരിക്കേണം ( തീത്തോസ് 1:9 ) ” .
അറിയേണ്ട കാര്യങ്ങൾ അറിയാതിരിക്കുന്നതും അറിയിക്കാതിരിക്കുന്നതും അപകടമാണ് .ഇക്കാലത്തും ക്രിസ്തീയ ഉപദേഷ്ടാക്കന്മാർ വീണ്ടും ജനനത്തെക്കുറിച്ച് പഠിപ്പിക്കാത്തത് ദുഖകരമാണ് .ജനത്തെ നിത്യതക്കായി ഒരുക്കേണ്ടതിന് പകരം ഭൗതിക നന്മയും ഭൗതിക വിടുതലും മാത്രം പ്രസംഗിക്കുന്നവർ ജനത്തെ ആത്മകമായി വളർത്തുകയല്ല
ചെയ്യുന്നത് .വിടുതലിൻ്റെയും ,കരുതലിൻ്റെയും ,ആശ്വാസത്തിൻ്റെയും ദൂത് തീർച്ചയായും പറയണം . എന്നാൽ നമ്മുടെ ആത്യന്തിക ലക്ഷ്യം മനുഷ്യരെ നിത്യതക്കായി ഒരുക്കുകയാണ്.
