കരകവിഞ്ഞ് ആർത്തിരമ്പി ഒഴുകുന്ന യോർദാൻ. ഇസ്രായേൽ ജനം അതിനരികെ മൂന്നുദിവസം പാർത്തു. രണ്ട് ഒറ്റുകാർ യോർദാൻ കടന്നുപോയി ദേശം ഒറ്റനോക്കി മടങ്ങിവന്നത് ശരിയാണ്. പക്ഷേ ഇവിടെ രണ്ടോ മൂന്നോ ആരോഗ്യമുള്ള പുരുഷന്മാർ അല്ല ഉള്ളത്, ലക്ഷങ്ങളാണ്.
കുഞ്ഞു കുട്ടികളും സ്ത്രീകളും ഉൾപ്പെടുന്ന ലക്ഷക്കണക്കിനാളുകൾ. ആടുമാടുകൾ, കന്നുകാലികൾ, മൃഗങ്ങൾ, അവരുടെ സമ്പത്തിൽ ഉൾപ്പെട്ട അനവധി വസ്തുക്കൾ. ഏറെക്കുറെ അസാധ്യമായ ഒരു ലക്ഷ്യമാണ് യോർദാൻ കടക്കുക എന്നത്.
നമ്മുടെ ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങൾ, ആത്മീയ ജീവിതത്തിൽ വരുന്ന വെല്ലുവിളികൾ, ഭൗതിക വിഷയങ്ങളിൽ നേരിടുന്ന സംഘർഷങ്ങൾ, ശുശ്രൂഷകൾക്കും സഭയ്ക്കുമെതിരെ പിശാച് ഉയർത്തുന്ന വെല്ലുവിളികൾ- ഇവയൊക്കെ കണ്ട് ചിലപ്പോൾ നാം പരിഭ്രമിക്കാറുണ്ട്. എങ്ങനെ മുന്നോട്ടു പോകുമെന്ന് സംശയം. നാളെയെക്കുറിച്ച് പ്രതീക്ഷകൾക്ക് പകരം ഭയം.
പക്ഷേ ഭയപ്പെടരുത്. ദൈവം വിളിച്ചിറക്കിയപ്പോൾ, നാം പുറപ്പെട്ടപ്പോൾ കേട്ട വാഗ്ദത്തങ്ങളെ ഓർക്കുക. “നിന്റെ ജീവകാലത്ത് ഒരിക്കലും ഒരു മനുഷ്യനും നിന്റെ നേരെ നിൽക്കുകയില്ല. ഞാൻ നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കുകയില്ല. ഉറപ്പും ധൈര്യവും ഉള്ളവനായിരിക്കുക. രാവും പകലും ന്യായപ്രമാണം ധ്യാനിച്ചു കൊണ്ടിരിക്കണം. എന്നാൽ നിന്റെ പ്രവർത്തി സാധിക്കും. നീ കൃതാർത്ഥനായും ഇരിക്കും.”
വാഗ്ദത്തങ്ങൾ മറന്നാൽ, യോർദാന്റെ ഇരമ്പ്ൽ കേട്ട് നാം ഭയന്നുപോകും. പക്ഷേ വാഗ്ദത്തങ്ങൾ ഓർത്തിരുന്നാൽ ഒരു പ്രതികൂലത്തെ കാണുമ്പോൾ അതിന്റെ മേൽ പ്രാപിക്കുവാൻ പോകുന്ന വിജയത്തെ ഓർത്ത് നാം ആഹ്ലാദിക്കും.
യോശുവയ്ക്ക് അല്പം പോലും ഭയമുണ്ടായിരുന്നില്ല. അവൻ ഉറപ്പും ധൈര്യവും ഉള്ളവനായിരുന്നു. ദൈവം യോശുവയ്ക്ക് വഴി പറഞ്ഞു കൊടുക്കുന്നു.
ലേവ്യരായ പുരോഹിതന്മാർ പെട്ടകം ചുമന്നുകൊണ്ട് മുമ്പിൽ നടക്കണം. ജനം അവരുടെ പിന്നാലെ ചെല്ലണം.
പെട്ടകം ദൈവസന്നിധ്യത്തെ കുറിക്കുന്നു. ദൈവസാന്നിധ്യം നമുക്ക് മുന്നിലുണ്ടെങ്കിൽ ദൈവവചനം അനുസരിച്ചാണ് നാം സഞ്ചരിക്കുന്നതെങ്കിൽ, യോർദാൻ നമ്മുടെ മീതെ കവിയുകയില്ല.
പെട്ടകം ചുമക്കുന്ന പുരോഹിതന്മാർ ജനത്തിന് വഴികാട്ടികളായി വർത്തിക്കുകയല്ല, മറിച്ച് പുരോഹിതന്മാർക്ക് വഴികാട്ടുകയാണ് ചെയ്യുന്നത്. ദൈവസാന്നിധ്യം നയിക്കുന്ന വഴികളിലൂടെ പുരോഹിതന്മാർ പോകുമ്പോൾ ജനം പിന്തുടർന്നാൽ മാത്രം മതി.
മോശയുടെ സഹായിയായി ദീർഘനാൾ പ്രവർത്തിച്ചതുകൊണ്ട് പ്രതിസന്ധിഘട്ടങ്ങളെ എങ്ങനെ തരണം ചെയ്യണമെന്ന് അല്പമൊക്കെ അനുഭവസമ്പത്ത് യോശുവയ്ക്കുമുണ്ട്. വെള്ളത്തിൽ പരിചയം ഉള്ളവരോ മുങ്ങൽ വിദഗ്ധരോ നന്നായി നീന്താൻ അറിയുന്നവരോ ഒക്കെ വേണം ഇപ്പോൾ മുന്നിൽ നിന്ന് കാര്യങ്ങൾ നിയന്ത്രിക്കേണ്ടത്. ഒരു പ്രായോഗിക സത്യമാണത്. കരകവിഞ്ഞൊഴുകുന്ന വെള്ളത്തിനു മുമ്പിൽ പുരോഹിതന്മാർ എന്ത് ചെയ്യാൻ?
പക്ഷേ യോശുവ ബുദ്ധി ഉപയോഗിച്ചില്ല. വിദഗ്ധരെ മുമ്പില് നിർത്തിയില്ല. ദൈവം പറയുന്നതിനപ്പുറം ഇടത്തോട്ടോ ഇടത്തോട്ടോ മാറരുത് എന്ന വ്യവസ്ഥ അവന് എപ്പോഴും ഓർമ്മയുണ്ടായിരുന്നു.
അനുസരിച്ചാൽ, ദൈവസാന്നിധ്യം ഏതുനേരവും മുമ്പിലുണ്ടായാൽ, നാം ഒരിക്കലും വഴി കാണാതെ അലയുകയില്ല. വഴി അടഞ്ഞു പോകില്ല. വഴി ഇല്ലാത്തിടത്ത് ദൈവം വഴിതുറക്കും. പെരുവെള്ളത്തിന്റെ നടുവിലൂടെയും ദൈവം വഴി തുറക്കും.
ദൈവം വേറൊരു കൽപ്പനയും അവർക്ക് കൊടുത്തു. കൂടെ ഒരു വാഗ്ദത്തവും “നിങ്ങളെത്തന്നെ ശുദ്ധീകരിപ്പിൻ; യഹോവ നാളെ നിങ്ങളുടെ ഇടയിൽ അതിശയം പ്രവർത്തിക്കും”
തടസ്സം മാറുവാൻ, പ്രതിസന്ധി മാറുവാൻ, വഴി തുറക്കുവാൻ, ശത്രുവിന്റെ മേൽ വിജയം നേരിടുവാൻ, ദൈവം മഹത്വം കാണുവാൻ ദൈവം നിർദ്ദേശിക്കുന്ന മാർഗം ശുദ്ധീകരണമാണ്.
പ്രതികൂലങ്ങളുടെ തിരമാലകൾ ഉയരുമ്പോൾ നാം പ്രാർത്ഥിക്കാറുണ്ട്. ആരാധിക്കുമ്പോൾ വിടുതൽ എന്ന് നാം ഉച്ചത്തിൽ പാടാറുണ്ട്. നല്ലതാണ്, തെറ്റൊന്നുമില്ല, ആവശ്യവുമാണ്.
പക്ഷേ പ്രാർത്ഥനക്കും ആരാധനയ്ക്കും മുമ്പേ ദൈവം അന്വേഷിക്കുന്നത് വിശുദ്ധിയാണ്. നാം പ്രാർത്ഥിക്കുന്നുണ്ടോ ആരാധിക്കുന്നുണ്ടോ എന്നല്ല ദൈവത്തിന്റെ ആദ്യ ചോദ്യം. നാം വിശുദ്ധരാണോ എന്നതാണ് ദൈവത്തിന്റെ ചോദ്യം.
ജീവിത വഴികളിൽ, ആത്മീയ ശുശ്രൂഷകളിൽ, ഭൗതിക മേഖലകളിൽ പോരാട്ടങ്ങൾ ഉണ്ടാകുമ്പോൾ, പ്രതിസന്ധികളുടെ കൊടുങ്കാറ്റും തിരമാലയും ഉയരുമ്പോൾ, വിടുതലിനു വേണ്ടിയുള്ള പ്രാർത്ഥനയ്ക്ക് മുൻപ്, ആരാധിച്ചു വിടുതൽ പ്രാപിക്കുവാൻ ശ്രമിക്കുന്നതിനു മുൻപ് ജീവിത വിശുദ്ധിയെക്കുറിച്ചും ദൈവത്തോടുള്ള പ്രാഗല്ഭ്യത്തെ കുറിച്ചും ആലോചിക്കുക. ക്രമീകരണങ്ങൾ വരുത്തുക. ദൈവത്തോടും മനുഷ്യരോടും നിരപ്പ് പ്രാപിക്കുക. കാരണം നീ വിശുദ്ധനാണെങ്കിൽ പ്രാർത്ഥിക്കുന്നതിനും ആരാധിക്കുന്നതിനും മുൻപ് തന്നെ ദൈവം നിനക്ക് വേണ്ടി വഴി തുറന്നിരിക്കും.
പ്രാർത്ഥനയിലും ആരാധനയിലും അല്ല, വിശുദ്ധിയിലാണ് ദൈവശക്തി വെളിപ്പെടുന്നത്. ശുദ്ധീകരണത്തിനു ശേഷമാകട്ടെ പ്രാർത്ഥനയും ആരാധനയും.
ദൈവം യോശുവയ്ക്ക് വ്യക്തിപരമായ ഒരു വാഗ്ദത്തം കൊടുക്കുന്നു. “ഞാൻ മോശയോട് കൂടെ ഇരുന്നതുപോലെ നിന്നോട് കൂടെ ഇരിക്കുമെന്ന് ഇസ്രായേൽ എല്ലാം അറിയേണ്ടതിന് ഇന്ന് ഞാൻ അവർ കാൺകെ നിന്നെ വലിയവൻ ആക്കുവാൻ തുടങ്ങും.”
ഉയർച്ച പ്രാപിക്കുവാനും, വളരുവാനും, വലിയവനാകുവാനും ആഗ്രഹിക്കുകയും അതിനായി പ്രാർത്ഥിക്കുകയും ചെയ്യുന്നവനെ അല്ല ദൈവം വലിയവനാക്കുന്നത്. യോശുവയുടെ സ്വഭാവമാണ് ആവശ്യം. ദാസത്വ മനോഭാവമുള്ളവരായിരിക്കുക. ന്യായപ്രമാണം വിട്ടു ഇടത്തോട്ടോ വലത്തോട്ടോ മാറാതെ അതിനെ പ്രമാണിക്കുക. രാപ്പകൽ അത് ധ്യാനിക്കുക. സ്വന്ത ബുദ്ധിയും കഴിവും പ്രയോഗിക്കാതെ പൂർണമായി ദൈവത്തെ അനുസരിക്കുക. ദൈവം നമ്മെ ഉപയോഗിക്കുവാൻ തുടങ്ങും.
ജീവനുള്ള ദൈവം നിങ്ങളുടെ ഇടയിൽ ഉണ്ട് എന്ന ഒരു ഉറപ്പ് ദൈവം അവർക്ക് കൊടുക്കുന്നു. പെട്ടകം അവരുടെ കൂടെയുള്ളത് കൊണ്ട് മാത്രമല്ല, അവർ ശുദ്ധീകരിച്ചതുകൊണ്ട്. പെട്ടകമേന്തി ആർപ്പിട്ടു പോയ നേരം ആർപ്പിന്റെ ശബ്ദം കേട്ട് ശത്രു ഭയന്ന് വിറച്ചെങ്കിലും ഇസ്രായേൽ തോറ്റു തുന്നം പാടിയ ചരിത്രവും ഉണ്ടെന്നോർക്കണം. അശുദ്ധിയായിരുന്നു കാരണം. വിശുദ്ധിയാണ് നമ്മുടെ ശക്തി. വിശുദ്ധരായിരുന്നാൽ മാത്രമേ വിജയിക്കാൻ സാധിക്കൂ.
സർവ്വഭൂമിയുടെയും നാഥനായ യഹോവയുടെ പെട്ടകം ചുമക്കുന്ന പുരോഹിതന്മാരുടെ ഉള്ളംകാൽ യോർദാനിലെ വെള്ളത്തിൽ ചവിട്ടുമ്പോൾ ഉടനെ യോർദാനിലെ വെള്ളം രണ്ടായി പിരിഞ്ഞിട്ട് മേലിൽ നിന്ന് ഒഴുകുന്ന വെള്ളം ചിറ പോലെ നിൽക്കും.
ഇത് ദൈവം അവർക്ക് കൊടുത്ത വാഗ്ദത്തമായിരുന്നു. അങ്ങനെ തന്നെ അത് സംഭവിച്ചു.
ഏത് വലിയ പ്രശ്നത്തിന്റെയും പ്രതികൂലത്തിന്റെയുംമേൽ കാലെടുത്തു വയ്ക്കുവാനുള്ള അധികാരം ദൈവം നമുക്ക് തന്നിട്ടുണ്ട്. യോർദാൻ എത്ര വലുതും ഒഴുക്ക് എത്ര ശക്തവും ആണെങ്കിലും, ദൈവസാന്നിധ്യം വഹിച്ച്, ന്യായപ്രമാണം വിട്ട് ഇടത്തോട്ടോ വലത്തോട്ടോ മാറാതെ ജീവിക്കുന്നവരാണ് നാമെങ്കിൽ, യോർദ്ദാൻ നമ്മുടെ കാലുകൾക്കടിയിൽ അമരും. നാമൊന്ന് കാലെടുത്തുവച്ചാൽ വഴിമാറുന്ന തടസ്സം മാത്രമേ നമുക്ക് മുൻപിലുള്ളൂ.
“നീ വെള്ളത്തിൽ കൂടി കടക്കുമ്പോൾ ഞാൻ നിന്നോട് കൂടെ ഇരിക്കും. നീ നദികളിൽ കൂടി കടക്കുമ്പോൾ അവ നിന്റെ മീതെ കവിയുകയില്ല. നീ തീയിൽ കൂടി നടന്നാൽ വെന്തു പോകയില്ല. അഗ്നിജ്വാല നിന്നെ ദഹിപ്പിക്കുകയുമില്ല.”
നദിയിലെ വെള്ളം മാറിയാലും ഉടനടി അത് സഞ്ചാരയോഗ്യമാകില്ല. ആളുകളെ മുക്കി കളയുവാൻ പാകത്തിൽ അവിടം ചെളി നിറഞ്ഞിരിക്കും. പക്ഷേ ദൈവം വറ്റിക്കുക മാത്രമല്ല ചെയ്തത് ചെളിയും ഉണക്കി കളഞ്ഞു.
ദൈവം നൽകുന്ന വിടുതലും വിജയവും എത്ര അത്ഭുതകരമാം വിധം പൂർണ്ണതയുള്ളതാണെന്ന് ഓർക്കുക! നാം ഭാവിയെക്കുറിച്ച് വീണ്ടും വീണ്ടും ആശങ്കപ്പെടാറുണ്ട്. വെള്ളം മാറിയാൽ പോരല്ലോ, ചെളിയിലൂടെ എങ്ങനെ നടക്കാനാകും എന്ന ഭയം നമുക്കുണ്ടാകും.
അടിയിലെ ചെളിയിൽ തള്ളിയിടുവാനായി ദൈവം മുകളിലെ വെള്ളം മാത്രം ഉണക്കുകയില്ല. ദൈവം ഒരുത്ഭുതം പ്രവർത്തിച്ചാൽ മുകളിലെ വെള്ളവും മറ്റും, അടിയിലെ ചെളിയും ഉണങ്ങും. നാം മറുകര കാണുകയും ചെയ്യും.
പ്രതികൂലങ്ങളിൽ പതറി പകച്ചിരിക്കുന്ന ഒരു വ്യക്തിയാണ് താങ്കൾ എങ്കിൽ വിശ്വസിക്കുക; ഇന്ന് നിങ്ങളുടെ വിടുതലിന്റെ തുടക്കമാണ്. ദൈവ സാന്നിധ്യം മുൻപിൽ പോകട്ടെ. അപ്പോൾ നാം വഴികളെ അറിയും. അടഞ്ഞ വഴികൾ തുറക്കപ്പെടും. വഴികളില്ലാത്ത സ്ഥാനത്ത് പുതുവഴികൾ തുറക്കും.
വിശുദ്ധി ഉറപ്പുവരുത്തിയാൽ വിജയം ദൈവമുറപ്പിക്കും. വിശുദ്ധിയോടുകൂടെ തടസ്സങ്ങൾക്കുമേൽ കാലെടുത്തു വയ്ക്കുമ്പോൾ തടസ്സങ്ങൾ വഴിമാറും. വെള്ളം മാത്രമല്ല ചെളിയും ദൈവം ഉണക്കി കളയും. ദൈവം കൂടെയുണ്ടെന്ന് ലോകം അറിയുവാൻ ദൈവം നമ്മെ വലിയവരാക്കും
