വർത്തമാന കാല ക്രിസ്തീയ സമൂഹത്തിൽ സത്യസന്ധരായ വിശ്വാസികൾ ചില പെന്തക്കോസ്ത് പ്രസംഗങ്ങളുടെ സ്വഭാവത്തിൽ വന്ന മാറ്റങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയാണ്. പ്രസംഗങ്ങൾ കാലക്രമേണ ദൈവവചനത്തിന്റെ ആഴത്തിൽ നിന്നും മാറി യേശുവിന്റെയും അപ്പോസ്തോലന്മാരുടെയും പ്രസംഗരീതിയിൽ നിന്നുമകന്ന് പോകുന്നു. ആദിമ സഭയുടെ സന്ദേശം ലളിതവും ആത്മീയവുമായിരിന്നു—പശ്ചാത്താപം, വിശുദ്ധി, വിനയം, വിശ്വാസം, ദൈവരാജ്യം എന്നിവയെക്കുറിച്ചുള്ള വിളി. എന്നാൽ ഇന്ന് പ്രസംഗങ്ങൾ ധനസമ്പത്ത്, വിജയം, വികാരോത്തേജനം, ലൗകീക നേട്ടങ്ങൾ എന്നിവയെ കേന്ദ്രീകരിക്കുന്നതായി മാറിയിരിക്കുന്നു. ദൈവരാജ്യത്തിന്റെ സ്ഥാനത്ത് ലൗകീക രാജ്യം എത്തിയതുപോലെ.
മാനസാന്തരത്തിന്റെ സുവിശേഷത്തിൽ നിന്ന് പോസിറ്റീവ് ചിന്തയിലേക്ക്
യേശു തന്റെ ശുശ്രൂഷ ആരംഭിക്കുമ്പോൾ ആദ്യമായി വിളിച്ചു പറഞ്ഞത് “മാനസാന്തരപ്പെടുവിൻ” എന്നായിരുന്നു. അപ്പൊസ്തലന്മാരും പാപത്തിൽ നിന്ന് തിരിഞ്ഞ് വിശുദ്ധജീവിതം നയിക്കാൻ ജനങ്ങളെ ആഹ്വാനം ചെയ്തു. എന്നാൽ ഇന്ന് ചില പ്രസംഗങ്ങളിൽ പാപം, ന്യായവിധി, പശ്ചാത്താപം എന്നിവയെക്കുറിച്ച് സംസാരിക്കുന്നില്ല. അത് ആളുകളെ വേദനിപ്പിക്കാമെന്ന ഭയമാണ്പ്രസംഗകർക്ക്. പകരം ആത്മവിശ്വാസവും വിജയവുമാണ് പ്രധാനം. പ്രോത്സാഹനം നല്ലതാണ്, പക്ഷേ മാനസാന്തരമില്ലാതെ ആത്മീയ മാറ്റം ഉണ്ടാകില്ല.
ക്രൂശിന്റെ സന്ദേശത്തിൽ നിന്ന് സൗഖ്യത്തിന്റെയും സുഖത്തിന്റെയും സ്വപ്നങ്ങളിലേക്ക്
യേശു തന്റെ ശിഷ്യന്മാരോട് തങ്ങളുടെ ക്രൂശ് എടുത്ത് അവനെ അനുഗമിക്കാൻ പറഞ്ഞു. അപ്പൊസ്തലന്മാർ ഉപദ്രവങ്ങളും കഷ്ടപ്പാടുകളും സഹിച്ചു. എന്നാൽ ഇന്ന് ചില പ്രസംഗങ്ങൾ വിശ്വാസമുണ്ടെങ്കിൽ രോഗമോ ബുദ്ധിമുട്ടോ ഉണ്ടാകില്ലെന്ന് പറയുന്നു. ജീവിതത്തിൽ കഷ്ടപ്പാട് വരുമ്പോൾ വിശ്വാസികൾ ആശയക്കുഴപ്പത്തിലാകുന്നു.
വിശുദ്ധിയിൽ നിന്ന് സന്തോഷത്തിലേക്കുള്ള മാറ്റം
ആദിമ സഭ വിശുദ്ധിയും, വേർപാടും, അനുസരണവും ഊന്നിപ്പറഞ്ഞു. എന്നാൽ ഇന്ന് ചില പ്രസംഗങ്ങൾ സന്തോഷവും വികാരപരമായ ഉന്മേഷവുമാണ് ലക്ഷ്യമിടുന്നത്. വിശുദ്ധരാകുന്നതിനു പകരം സമ്പന്നന്മാരാകുക എന്നതാണു പ്രധാനം. ഇതോടെ വിശ്വാസത്തിന്റെ ആഴം കുറയുന്നു.
ദൈവത്തെ സേവിക്കുന്നതിൽ നിന്ന് ദൈവത്തെ ഉപയോഗിക്കുന്നതിലേക്കുള്ള മാറ്റം
ബൈബിൾ പഠിപ്പിക്കുന്നത് ദൈവം കർത്താവാണെന്നും നാം അവനെ സേവിക്കണമെന്നുമാണ്. എന്നാൽ ഇന്നത്തെ പ്രസംഗങ്ങൾ ദൈവത്തെ നമ്മുടെ ആഗ്രഹങ്ങൾ നിറവേറ്റുന്നവനായി മാത്രം അവതരിപ്പിക്കുന്നു. ജോലി, പണം, ഉയർച്ച എന്നിവ നേടാനുള്ള മാർഗമായി വിശ്വാസം മാറുന്നു.
നിത്യരാജ്യത്തിൽ നിന്ന് ഭൂമിയിലെ സമ്പത്തിലേക്കുള്ള മാറ്റം
ഇതാണ് ഏറ്റവും വലിയ ആശങ്കക്ക് കാരണം. യേശു സ്വർഗ്ഗത്തിൽ നിക്ഷേപം കൂട്ടുവാൻ പഠിപ്പിച്ചു. അപ്പൊസ്തലന്മാർ ലളിതജീവിതം നയിച്ചു. എന്നാൽ ഇന്ന് ചില പ്രസംഗങ്ങൾ ധനസമ്പത്ത് ദൈവാനുഗ്രഹത്തിന്റെ അടയാളമെന്നു പറയുന്നു. ആഡംബര വീടുകളും കാറുകളും ആത്മീയതയുടെ തെളിവായി കാണിക്കുന്നു.
“വിത്തുവിതയ്ക്കൽ” എന്ന സാമ്പത്തീക ശാസ്ത്രം
ആദിമ സഭയിൽ ദാനം സ്നേഹത്തോടെയും വിനയത്തോടെയും ആയിരുന്നു. എന്നാൽ ഇന്ന് ചില പ്രസംഗങ്ങൾ ദാനം ചെയ്താൽ പലമടങ്ങ് പണം ലഭിക്കും എന്ന് വാഗ്ദാനം ചെയ്യുന്നു. ദാനം ആരാധനയിൽ നിന്ന് വ്യാപാരത്തിലേക്ക് മാറുന്നു.
ആഴമായ വചനത്തിൽ നിന്ന് വിനോദത്തിലേക്കുള്ള മാറ്റം
അപ്പൊസ്തലന്മാർ വചനത്തെ വിശദമായി പഠിപ്പിച്ചു. എന്നാൽ ഇന്ന് ചില പ്രസംഗങ്ങൾ തമാശകളും കഥകളും വൈകാരിക ഉദ്ദെപനവും നിറഞ്ഞവയാണ്. വചന പഠനം കുറയുമ്പോൾ വിശ്വാസികൾ ആത്മീയമായി വളരുന്നില്ല.
വിനയത്തിൽ നിന്ന് പ്രശസ്തിയിലേക്കുള്ള മാറ്റം
അപ്പൊസ്തലന്മാർ ലളിതജീവിതം നയിച്ച്. എന്നാൽ ചില പ്രസംഗകർ പ്രശസ്തരായി ആഡംബര ജീവിതം നയിക്കുന്നു. സുവിശേഷത്തെക്കാൾ പ്രസംഗകൻ വലുതാകുന്നു.
സ്നേഹവും സേവനവും വിട്ട് മത്സരത്തിലേക്കുള്ള മാറ്റം
ആദിമ സഭ ദരിദ്രരെയും അനാഥരെയും പരിചരിച്ചു. എന്നാൽ ഇന്ന് ചില ശുശ്രൂഷകൾ വലിയ കെട്ടിടങ്ങളും വലിയ ജനക്കൂട്ടങ്ങളും ലക്ഷ്യമിടുന്നു. സംഖ്യകളുടെ വളർച്ച ആത്മീയ വളർച്ചയെ മറികടക്കുന്നു.
ഈ കാര്യങ്ങൾ എല്ലാ പ്രസംഗകരേയും ബാധിക്കുന്നില്ല. ഇന്നും വിശ്വസ്തമായി സുവിശേഷം പ്രസംഗിക്കുന്ന അനേകം ശുശ്രൂഷകർ ഉണ്ട്. പെന്തക്കോസ്ത് പ്രസ്ഥാനങ്ങൾ ലോകമെമ്പാടും ആത്മീയ ഉണർവും പ്രാർത്ഥനയും സുവിശേഷവ്യാപനവും ഉണ്ടാക്കിയിട്ടുണ്ട്. എന്നാൽ ഭൗതികത ആത്മീയതയെ മാറ്റിസ്ഥാപിക്കുമ്പോൾ സഭയുടെ യഥാർത്ഥ ശക്തി നഷ്ടപ്പെടുന്നു.
ഇന്നത്തെ ആവശ്യകത വലിയ പ്രസംഗങ്ങളല്ല, സത്യമായ പ്രസംഗങ്ങളാണ്—പശ്ചാത്താപം, വിശുദ്ധി, വിനയം, സ്നേഹം, വിശ്വാസം എന്നിവ വിളിച്ചുപറയുന്ന സന്ദേശങ്ങൾ. പ്രസംഗങ്ങൾ വീണ്ടും യേശുവിന്റെയും അപ്പൊസ്തലന്മാരുടെയും മാതൃകയിലേക്ക് മടങ്ങുമ്പോൾ വിശ്വാസികൾ ആത്മീയമായി ശക്തരാകും. ദൈവരാജ്യം പണത്താലോ കെട്ടിടങ്ങളാലോ അല്ല, മാനസാന്തരപ്പെട്ട ജീവിതങ്ങളാലും വിശുദ്ധഹൃദയങ്ങളാലും സ്നേഹത്താലുമാണ് അളക്കപ്പെടുന്നത്.
അവസാനമായി ഓരോ പ്രസംഗകനും വിശ്വാസിയും ചോദിക്കേണ്ട ചോദ്യം ഇതാണ്: നാം ലോകത്തിന്റെ രാജ്യം അന്വേഷിക്കുന്നവരോ, ദൈവരാജ്യം അന്വേഷിക്കുന്നവരോ? ക്രൂശിന്റെ വഴി തിരഞ്ഞെടുക്കുമ്പോൾ സഭ തന്റെ ദൗത്യം വീണ്ടും കണ്ടെത്തും. യഥാർത്ഥ നവോത്ഥാനം ആരംഭിക്കുന്നത് പ്രസംഗങ്ങൾ വീണ്ടും ക്രിസ്തുവിന്റെ ഹൃദയവും ദൈവവചനത്തിന്റെ സത്യവും പ്രതിഫലിപ്പിക്കുമ്പോഴാണ്.
