എബ്രായ ബൈബിളിലെ എഴുത്തുകൾ അഥവാ കെതൂബിം വിഭാഗത്തിൽ ഉൾപ്പെടുന്ന കാവ്യഗ്രന്ഥമാണ് സങ്കീർത്തനങ്ങൾ. സെഫർ തെഹില്ലിം എന്നാണ് സങ്കീർത്തന പുസ്തകങ്ങൾ അറിയപ്പെടുന്നത്. സ്തുതിയുടെ പുസ്തകം എന്നാണ് ഇതിന് അർഥം. സാൽമോയ് എന്ന ഗ്രീക്കുപദത്തിന് പാട്ടുകൾ എന്നാണ് അർഥം. ഇതിൽ നിന്നാണ് പ്‌സാംസ് എന്ന ഇംഗ്ലീഷ് പേര് സങ്കീർത്തനങ്ങൾക്കു ലഭിച്ചത്.
താളനിബന്ധവും സംഗീതാത്മകവുമായ സ്തുതിഗീതങ്ങളാണ് സങ്കീർത്തനങ്ങൾ. ഇതര തിരുവെഴുത്തുകളിൽ ദൈവം മനുഷ്യനോടു സംസാരിക്കുമ്പോൾ സങ്കീർത്തനങ്ങളിൽ മനുഷ്യൻ ദൈവത്തോടു സംസാരിക്കുന്നു. അക്ഷരമാലാക്രമവും സമാന്തരത്വവും താളഭംഗിയുമെല്ലാം സങ്കീർത്തനങ്ങളുടെ പ്രത്യേകതയാണ്. സെമിറ്റിക് കവിതയുടെ എല്ലാ ലാവണ്യവും സങ്കീർത്തനങ്ങൾ ഉൾക്കൊള്ളുന്നുണ്ട്. ഒരു ജനതയുടെ ദൈവദർശനങ്ങളുടെ കാവ്യാവിഷ്കാരമാണ് ഇതിൽ കണ്ടെത്താൻ കഴിയുന്നത്.
സങ്കീർത്തനങ്ങളിൽ ഗീതങ്ങൾ, വിലാപങ്ങൾ,വിജ്ഞാനങ്ങൾ, ചരിത്രം, പ്രവചനം, മശിഹാ പ്രതീക്ഷ, സ്തോത്രങ്ങൾ, ആരാധന, പ്രാർത്ഥന, ഓർമകൾ, യാത്രാ വിവരണങ്ങൾ, തീർത്ഥാടന ഗീതങ്ങൾ, ദൈവപ്രവൃത്തിയുടെ വെളിപ്പാടുകൾ, ദൈവ വചനത്തെപ്പറ്റിയും ദൈവിക പ്രമാണങ്ങളെപ്പറ്റിയും ഉള്ള വിവരണങ്ങൾ തുടങ്ങിയവ അടങ്ങിയിരിക്കുന്നു.
അഞ്ചു പുസ്തങ്ങളായി തിരിച്ചാണ് സങ്കീർത്തനങ്ങൾ പഴയനിയമ കാനോനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സങ്കീർത്തനങ്ങൾ 1-41 വരെ ഒന്നാം പുസ്തകം, 42 – 72 വരെ രണ്ടാം പുസതകം, 73 – 89 വരെ മൂന്നാം പുസ്തകം, 90- 106 വരെ നാലാം പുസ്തകം, 107-150 വരെ അഞ്ചാം പുസ്തകം എന്നിങ്ങനെ തിരിച്ചിരിക്കുന്നു. ഇതിനെ തോറയോട് അതായത് പഞ്ചഗ്രന്ഥത്തോട് താരതമ്യപ്പെടുത്തി വേദപണ്ഡിതർ ചിന്തിക്കാറുണ്ട്.
മോശെ, ദാവീദ്, ശലോമോൻ, ആസാഫ്, ഹേമാൻ, ഏഥാൻ, കോരഹു പുത്രന്മാർ എന്നിവരാണ് പ്രധാനമായും സങ്കീർത്തനരചയിതാക്കൾ. രചയിതാവിന്റെ പേര് രേഖപ്പെടുത്തിയിട്ടില്ലാത്ത അൻപതു സങ്കീർത്തനങ്ങളുണ്ട്. സങ്കീർത്തനങ്ങളുടെ രചനാകാലത്തിന് മോശെയുടെ കാലത്തോളം പഴക്കമുണ്ട്. 90-ാം സങ്കീർത്തനം മോശെ എഴുതിയതാണ്. പ്രവാസകാലത്താണ് 137-ാം സങ്കീർത്തനം എഴുതുന്നത്. അപ്പോൾ ബി.സി. 1500 മുതൽ ബി.സി. 450 വരെയുള്ള കാലഘട്ടമാണ് സങ്കീർത്തനരചനയ്ക്കു പിന്നിലുള്ളത്.
യഹൂദ ജനതയുടെ ആരാധനയിൽ സങ്കീർത്തനങ്ങൾ വലിയ പങ്കുവഹിച്ചിരുന്നു. സിനഗോഗുകളിലും ദൈവാലയത്തിലും എന്ന പോലെ ഭവനങ്ങളിലും ഇവ ഉപയോഗിച്ചുവന്നു. കർത്താവായ യേശുവിൽ കൂടെയുള്ള വീണ്ടെടുപ്പിന്റെ ചിത്രം മിശിഹാ സങ്കീർത്തനങ്ങളിൽ കാണാം. കർത്താവിന്റെ ജീവിതത്തിലെ പല സന്ദർഭങ്ങളും പ്രവചനമായി രേഖപ്പെടുത്തിയിരിക്കുന്നതു കാണാം.
സങ്കീർത്തനങ്ങളിൽ നിന്ന് നിരവധി ക്രിസ്തീയ ഗാനങ്ങൾ പിറവിയെടുത്തിട്ടുണ്ട്. പ്രതികൂല സാഹചര്യങ്ങളിൽ ദൈവ വിശ്വാസം ജീവിതത്തോടു ചേർത്തുപിടിക്കുവാൻ സങ്കീർത്തന വായന സഹായിക്കുന്നു.
ഉയിർത്തെഴുന്നേറ്റ കർത്താവിന്റെ വാക്കുകൾനോക്കുക: “മോശെയുടെ ന്യായപ്രമാണത്തിലും പ്രവാചക പുസ്തകങ്ങളിലും സങ്കീർത്തനങ്ങളിലും എന്നെക്കുറിച്ചു എഴുതിയിരിക്കുന്നു” (ലൂക്കൊ.24:44). സങ്കീർത്തനങ്ങളിലെ ക്രിസ്തു ദർശനത്തിന്റെ സാക്ഷ്യമാണ് കർത്താവിന്റെ വാക്കുകൾ. നാല്പതാം സങ്കീർത്തനം ഏഴാം വാക്യത്തിൽ, “ ഇതാ, ഞാൻ വരുന്നു; പുസ്തകച്ചുരുളിൽ എന്നെക്കുറിച്ചു എഴുതിയിരിക്കുന്നു.”
ഭക്തകവികൾ പ്രവചനാത്മാവിൽ എഴുതിയത് കർത്താവിനെക്കുറിച്ചാണ്. എന്നെക്കുറിച്ചു എഴുതിയിരിക്കുന്നു എന്ന വെളിപ്പാടിന്റെ പ്രകാശത്തിൽ സങ്കീർത്തനങ്ങൾ ധ്യാനിക്കണം. ഇതിലെ ചിന്തകൾ നമ്മുടെ ക്രിസ്തീയ ജീവിതം ധന്യമാക്കുവാൻ മതിയായതാണ്.
