റായ്പൂര്: ഛത്തീസ്ഗഡിലെ റായ്പൂരിൽ ക്രിസ്ത്യൻ പ്രാർത്ഥന കൂട്ടായ്മയ്ക്ക് ബജ്റംഗ്ദൾ പ്രതിഷേധം. പെന്തക്കോസ്ത് പാസ്റ്ററുടെ നേതൃത്വത്തിൽ പ്രാർത്ഥന നടത്തുമ്പോഴാണ് ബജ്റങ്ദൾ പ്രവർത്തകർ ആക്രമിച്ചത്. റായ്പൂരിലെ കോക്കർ ബോറ എന്ന സ്ഥലത്തെ ഒരു വീട്ടിൽ പെന്തക്കോസ് ഭാഗത്തിൽ പെട്ടവരുടെ പ്രാർത്ഥന നടക്കുകയായിരുന്നു. ഇതിനിടയാണ് അവിടെ മതപരിവർത്തനം നടത്തുന്നു എന്ന് ആരോപിച്ച് പ്രവർത്തകർ ഇവിടേക്ക് എത്തിയത്. പിന്നാലെ ഹനുമാൻ ചാലിസ് ചൊല്ലിക്കൊണ്ട് വീടിനു ചുറ്റും പ്രതിഷേധം സംഘടിപ്പിച്ചു.
മറ്റ് സ്ഥലങ്ങളിൽ നിന്നും പെൺകുട്ടികളെ ഇവിടെ എത്തിച്ച് മതപരിവർത്തനം നടത്തുന്നു എന്നാണ് പ്രവർത്തകരുടെ ആരോപണം. നൂറോളം പ്രവർത്തകരാണ് പ്രതിഷേധത്തിനായി ഇവിടെ ഒത്തുകൂടിയത് എന്നാണ് റിപ്പോർട്ടുകൾ. ഇരു വിഭാഗങ്ങളും തമ്മിൽ വാക്കേറ്റം ഉണ്ടായി. പ്രാർത്ഥന നടത്തിയ പാസ്റ്ററെയും പ്രാർത്ഥനയ്ക്ക് എത്തിയവരെയും പ്രവർത്തകർ മർദ്ദിച്ചതായി ആരോപണമുണ്ട്.
