വാഗമൺ: ഉത്തരാധുനിക കാലഘട്ടത്തിൽ കുട്ടികളിൽ ഉണ്ടായികൊണ്ടിരിക്കുന്ന മാനസിക സമ്മർദ്ദങ്ങൾ വലുതാണെന്നും അതിനെ അതിജീവിക്കുവാൻ അവരിൽ ദൈവികബോധം വളർത്തിയെടുക്കുവാൻ സണ്ടേസ്കൂൾ അധ്യാപകർ ശ്രദ്ധാലുക്കളായിരിക്കണമെന്നും ഐപിസി ജനറൽ വൈസ് പ്രസിഡൻ്റ് പാസ്റ്റർ ഫിലിപ്പ് പി. തോമസ് പറഞ്ഞു. വാഗമൺ പിൽഗ്രിം റിട്രീറ്റ് സെൻ്ററിൽ നടന്ന ഐപിസി സണ്ടേസ്കൂൾസ് അസോസിയേഷൻ സംസ്ഥാന അധ്യപക ക്യാമ്പിൽ സാമാപന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. നിർമ്മിത ബുദ്ധിയുടെ സ്വാധീനവും രാസലഹരിയുടെ ഉപയോഗവും കുട്ടികളിൽ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ അധ്യാപകർ ജാഗ്രത ഉള്ളവരായിരിക്കണമെന്നും അദ്ദേഹം കൂട്ടിചേർത്തു.
സംസ്ഥാന സെക്രട്ടറി പാസ്റ്റർ തോമസ് മാത്യു ചാരുവേലിയുടെ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഫിന്നി പി. മാത്യു, ജോസ് ജോൺ എന്നിവർ പ്രസംഗിച്ചു. പാസ്റ്റർ ഫിലിപ്പ് പി. തോമസ് നേതൃത്വം നൽകിയ തിരുവത്താഴ ശുശ്രൂഷയിയിൽ പാസ്റ്റർമാരായ സാംകുട്ടി ജോൺ, ജയിംസ് ഏബ്രഹാം, ബിജു മാത്യു, ടി. എ. തോമസ് എന്നിവർ സഹകാർമ്മികരായി. ഡയറക്ടർ പാസ്റ്റർ ജോസ് തോമസ് ക്യാമ്പിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പാസ്റ്റർമാരായ തോമസ് ജോർജ് കട്ടപ്പന, തോമസ് മാത്യു എന്നിവർ വചനധ്യാനം നടത്തി.
ഐപിസി സംസ്ഥാന സെക്രട്ടറി പാസ്റ്റർ കെ. പി. കുര്യൻ ഉദ്ഘാടനം ചെയ്ത ക്യാമ്പിൽ വിവിധ സെഷനുകളിലായി ഡോ. ബി. ആർ. പ്രഭു, ഡോ. ഇടിച്ചെറിയ നൈനാൻ, ഡോ. ബൻസിക്ക് മിറാൻണ്ട, ഡോ. ജോൺ ജേക്കബ്, ഡോ. രശ്മി സുധീർ , പ്രിയ ജസ്റ്റിൻ എന്നിവർ ക്ലാസുകൾ നയിച്ചു.
