മുംബൈ : മഹാരാഷ്ട്രയിൽ പുതിയ മതംമാറ്റ നിരോധന നിയമം പ്രാബല്യത്തിൽ വരാനിരിക്കെ, മുംബൈ മെട്രോപൊളിറ്റൻ റീജിയണിലെ ക്രൈസ്തവ ആരാധനാലയങ്ങളിൽ ആരാധനയ്‌ക്കെത്തുന്ന വിശ്വാസികളിൽ നിന്ന് സ്വയംസാക്ഷ്യപത്രം ശേഖരിച്ചു തുടങ്ങി. ആരുടെയും നിർബന്ധത്തിനോ പ്രലോഭനങ്ങൾക്കോ ‘ വഴങ്ങിയല്ല, സ്വന്തം ഇഷ്ടപ്രകാരമാണ് പ്രാർത്ഥനകളിൽ പങ്കെടുക്കുന്നതെന്ന് വ്യക്തമാക്കുന്ന സമ്മതപത്രങ്ങളാണ് സഭകളിൽ പൂരിപ്പിച്ചു വാങ്ങുന്നത്.
ഭരണകൂടത്തിന്റെയോ പോലീസിന്റെയോ ഭാഗത്തുനിന്ന് ഭാവിയിൽ അന്വേഷണമുണ്ടായാൽ തെളിവായി കാണിക്കുന്നതിനും അക്രമ സംഭവങ്ങളിൽ നിന്ന് സ്വയം സംരക്ഷണം ഉറപ്പാക്കുന്നതിനുമാണ് ഈ നടപടി. കഴിഞ്ഞ ആറുമാസത്തിനിടെ വസായി, വിരാർ, പാൽഘർ, നലസോപാര, ഭയാന്ദർ തുടങ്ങിയ മേഖലകളിലെ വിവിധ പള്ളികൾക്ക് നേരെ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിൽ സഭാ നേതൃത്വവും പാസ്റ്റർമാരും ചേർന്നാണ് ഇത്തരമൊരു തീരുമാനമെടുത്തത്.
