യെരൂശലേമിൽ ആട്ടുവാതിൽക്കൽ ബേഥെസ്ദാ എന്നു എബ്രായപേരുള്ള ഒരു കുളത്തിൻ്റെ കരയിൽ 38 വർഷമായി കിടന്ന
രോഗിയെക്കുറിച്ചാണ് യോഹന്നാൻ അഞ്ചാം അധ്യായം ആരംഭത്തിൽ പറയുന്നത്.
അവിടെ വ്യാധിക്കാർ, കുരുടർ,
മുടന്തർ, ക്ഷയരോഗികൾ ഇങ്ങനെ വലിയോരു കൂട്ടം കിടന്നിരുന്നുവെന്ന് മൂന്നാം വാക്യം പറയുന്നു. എന്നാൽ അഞ്ചാം വാക്യത്തിൽ ഒരു മനുഷ്യനെക്കുറിച്ച് മാത്രം പറയുന്നു. വലിയൊരു കൂട്ടത്തിൽ നിന്നും ഒരു മനുഷ്യനിലേക്ക് ശ്രദ്ധ മാറുവാനുണ്ടായ കാരണമാണ് നമ്മുടെ ചിന്താവിഷയം .
വലിയൊരു കൂട്ടം രോഗികളെക്കാൾ ഈ ഒരു രോഗിക്കുള്ള പ്രത്യേകത എന്താണ് ?
“അവൻ അവനെ അവിടെ കിടക്കുന്നതു കണ്ടിട്ടു, ഏറെക്കാലമായി രോഗിയായിരിക്കുന്നു എന്നു അറിഞ്ഞു: നിനക്കു സൗഖ്യമാകുവാൻ മനസ്സുണ്ടോ എന്നു അവനോടു ചോദിച്ചു” (യോഹന്നാൻ 5:6 ).
മറ്റാരെയും യേശു കണ്ടില്ലേ ? ഇവനെ കണ്ടതായി മാത്രം യോഹന്നാൻ പറയുന്നു .
ഇവനോട് മാത്രം യേശു സംസാരിക്കുന്നു , ഇവനെ മാത്രം സൗഖ്യമാക്കുന്നു .ഇയാളുടെ പേരും പറയുന്നില്ല . ഇയാൾ സമാനരായ
അനേകരുടെ ഒരു പ്രതിനിധിയാവാം . ഇയാളിലേക്ക് യേശു ആകർഷിക്കപ്പെടാനുള്ള
കാരണം ; പണമല്ല ,വിദ്യാഭ്യാസമല്ല ,കുടുംബ ശ്രേഷ്ഠതയുമല്ല.
ഇവയൊന്നും ഇല്ലാത്തവൻ്റെ അടുക്കലേക്കാണ് യേശു ചെന്നത് . ഇന്നത്തെ സഭക്കാരുടെയും സഭാനാഥൻ്റെയും മാനദണ്ഡം : രണ്ടാണ് .
എന്താണ് ഇയാളുടെ പ്രത്യേകത ? ഇയാൾ ആരോരും ഇല്ലാത്തവൻ
ആണെന്ന് സ്വയം സാക്ഷ്യം പറയുന്നുണ്ട് . സഹായിപ്പാൻ മറ്റാരുമില്ലാത്തവനെ
സഹായിപ്പാനാണ് യേശു ആൾക്കൂട്ടം വിട്ട് ഇയാളുടെ
അടുക്കൽ ചെന്നത്. ഏത് ആൾകൂട്ടത്തിലും ഏകാന്തത അനുഭവിക്കുന്നവർ ഉണ്ട് .
യേശു അവരുടെ സഹായകനാണ്. 38 വർഷമായി കുളക്കരയിൽ
കിടന്ന ഈ മനുഷ്യനെ ആരും പരിഗണിച്ചില്ല , ഒരു അവസരം നൽകിയില്ല ,വഴി മാറി കൊടുത്തില്ല . മനുഷ്യർ കാണാതെ പോകുന്നവരെ യേശു കാണുന്നു. മറ്റുള്ളവർ മറന്നവനെ യേശു കാണുന്നു. സഭ അവഗണിക്കുന്നവനെ യേശു കാണുന്നു. വർഷങ്ങളായി കാത്തിരിക്കുന്നവനെ യേശു കാണുന്നു. ഹൃദയം
നുറുങ്ങിയവരെയും മനസ് തകർന്നിരിക്കുന്നവരെയും യേശു കാണുന്നു.
“ഏറെക്കാലമായി രോഗിയായിരിക്കുന്നു എന്നു അറിഞ്ഞു.”
യേശുവിന് അവന്റെ രോഗവിവരം അറിയാമായിരുന്നു. അവൻ
പറഞ്ഞല്ല അവൻ്റെ വേദനയുടെ കാലദൈർഘ്യവും ആഴവും കർത്താവ് അറിഞ്ഞത് . നമ്മെ ആരും അറിയുന്നില്ലെന്നും മനസിലാക്കുന്നില്ലെന്നും നാം പരാതി പറയാറുണ്ട് . യേശുവിന് എല്ലാം അറിയാം ,
അവിടുന്ന് നമ്മുടെ പ്രശ്നം പരിഹരിക്കുവാൻ അരികിൽ വരും . ആൾകൂട്ടത്തിലും യേശു നമ്മെ വ്യക്തിപരമായാണ് അറിയുന്നത് .കൂട്ടത്തിൽ ഒരു രോഗിയായിട്ടല്ല ,ഒരു മനുഷ്യനായാണ് യേശു അയാളെ
കണ്ടത് .ഓരോരുത്തരുടെയും പ്രശ്നങ്ങൾ വിഭിന്നമാണ് .
എല്ലാറ്റിനും യേശുവിൻ്റെ പക്കൽ പരിഹാരമുണ്ട് .
അതെ , നിങ്ങൾ ആൾകൂട്ടത്തിൽ ഒരാളല്ല . യേശു പ്രത്യേകം പരിഗണി
ക്കുന്ന ഒരു മനുഷ്യനാണ് കുളക്കരയിൽ കിടക്കേണ്ടവനല്ല , കിടക്ക
എടുത്ത് നടക്കേണ്ടവനാണ് .
ആൾകൂട്ടത്തിൽ ഒരാളായിരുന്ന
സക്കായി മരത്തിൽ കയറിയപ്പോൾ — യേശു അവനെ കണ്ടു. ബർത്തിമായി വഴിയരികിൽ ഇരുന്ന് വിളിച്ചപ്പോൾ — യേശു അവന്റെ ശബ്ദം കേട്ടു.
രക്തസ്രാവമുള്ള സ്ത്രീ ജനക്കൂട്ടത്തിൽ വച്ച് തൊട്ടപ്പോൾ — യേശു അവളെ തിരിച്ചറിഞ്ഞു.
38 വർഷമായ രോഗം സൗഖ്യമാക്കിയ യേശു ഇന്നും സൗഖ്യദായകനാണ് .നിങ്ങൾ പേറി കൊണ്ടു നടക്കുന്ന വേദന അവിടുന്ന് അറിയുന്നു . നിങ്ങൾ കാത്തിരുന്ന കാലം നീണ്ടുപോയതുകൊണ്ട് ദൈവത്തിന്റെ പദ്ധതി അവസാനിച്ചിട്ടില്ല.

