കർത്താവ് വീണ്ടും ജനനത്തെക്കുറിച്ച് പറഞ്ഞത് നിക്കോദിമോസിന്
മനസിലായില്ല. ഇത് എങ്ങനെ സംഭവിക്കുമെന്ന് കർത്താവ് അദ്ദേഹത്തിന് മനസിലാക്കിക്കൊടുക്കുമ്പോൾ പറഞ്ഞതാണ് –
” കാറ്റു ഇഷ്ടമുള്ളേടത്തു ഊതുന്നു; അതിന്റെ ശബ്ദം നീ കേൾക്കുന്നു; എങ്കിലും അതു എവിടെനിന്നു വരുന്നു എന്നും എവിടേക്കു പോകുന്നു എന്നും അറിയുന്നില്ല; ആത്മാവിനാൽ ജനിച്ചവൻ എല്ലാം അതുപോലെ ആകുന്നു” ( യോഹ. 3:8 ). കാറ്റിനെ കാണുവാൻ കഴിയുകയില്ല.
എന്നാൽ കാറ്റിൻ്റെ പ്രതിഫലനങ്ങൾ അറിയാൻ കഴിയും. ചിലപ്പോൾ കാറ്റടിക്കുന്ന ശബ്ദം കേൾക്കാം.
വൃക്ഷത്തിന്മേൽ കാറ്റടിക്കുമ്പോൾ ഇലകൾ ആടുന്നത് കാണാം.
ശരീരത്തിൽ കാറ്റടിച്ചാൽ നാം അത് അറിയും. എന്നാൽ കാറ്റിനെ
നമുക്ക് കാണുവാൻ കഴിയില്ല.
ഇതു പോലെയാണ് പുതുതായി ജനിക്കുന്നതും. ഈ ജനനം നടക്കുന്നത് കാണുവാൻ കഴിയില്ല. എന്നാൽ വീണ്ടും ജനിച്ചവർക്ക് അത്
ബോധ്യമാകും. അവരുടെ ജീവിതത്തിൽ, സ്വഭാവത്തിൽ
അതിൻ്റെ പ്രതിഫലനങ്ങൾ ഉണ്ടാവും . ആൾ മാറിയ അനുഭവം
ഉണ്ടാവും . അത് മറ്റുള്ളവർക്കും മനസിലാവും . വീണ്ടും ജനിക്കുമ്പോൾ ഒരു വ്യക്തി ദൈവത്തിൻ്റ മകനാകുന്നു ,
സ്വർഗീയ പൗരനാകുന്നു ,
ദൈവരാജ്യത്തിൽ പ്രവേശിക്കുന്നു .ദൈവം രാജാവാകുന്നയാൾ ദൈവത്തെ അനുസരിച്ച് ജീവിക്കാൻ തുടങ്ങി .ഈ വ്യത്യാസം സ്വഭാവത്തിൽ വെളിപ്പെടും .
പഴയത് മാറി , എല്ലാം പുതിയതായി. ക്രിസ്തുവിൻ്റെ സ്വഭാവം വരണം .
സ്വഭാവ മാറ്റത്തിന് രണ്ട് ഉദാഹരണങ്ങളാണ് ശമര്യക്കാരി സ്ത്രീയും ഓനേസിമോസും. യോഹന്നാൻ്റെ സുവിശേഷം നാലാം അദ്ധ്യായത്തിൽ ശമര്യാക്കാരി സ്ത്രീയുടെ മാനസാന്തരത്തെക്കുറിച്ച് കാണുന്നു . അഞ്ച് ഭർത്താക്കന്മാരോടൊപ്പം ജീവിച്ച സ്ത്രീയോട് ഭർത്താവിനെ വിളിച്ചു കൊണ്ടുവരുവാൻ യേശു പറഞ്ഞപ്പോൾ ” എനിക്ക് ഭർത്താവില്ല ” എന്നായിരുന്നു മറുപടി . എന്നാൽ കുറെ കഴിഞ്ഞപ്പോൾ സ്ത്രീ മറ്റുള്ളവരോട് തുറന്നു പറയുന്നത് ……” ഞാൻ ചെയ്തതു ഒക്കെയും എന്നോടു പറഞ്ഞ ഒരു മനുഷ്യനെ വന്നുകാണ്മിൻ; അവൻ പക്ഷേ, ക്രിസ്തു ആയിരിക്കുമോ എന്നു പറഞ്ഞു.(യോഹ 4 :29 ).
സ്വയം നീതീകരണം നിർത്തി തെറ്റുകൾ സമ്മതിക്കാൻ തുടങ്ങിയത് അവളിൽ വന്ന മാറ്റമാണ് .വെള്ളം കോരാൻ വന്നവൾ പാത്രം കിണറിനരികെ വച്ചിട്ട് സാക്ഷ്യം പറയുവാൻ പോയത് അവളുടെ മുൻഗണന മാറിയതിനാലാണ് .അവൾ ക്ഷണിച്ചപ്പോൾ ആളുകൾ യേശുവിൻ്റെ അടുക്കൽ വന്നത് , അവളിൽ വന്ന മാറ്റം നാട്ടുകാർക്ക് ബോധ്യമായതിനാലാണ് .ശമര്യയിലെ ഉണർവിന് നിമിത്തമായത് ഈ സ്ത്രീയുടെ മാനസാന്തരമാണ് .
ഓനേസിമോസ് വീണ്ടും ജനിക്കുന്നത് പൗലോസിനോടൊപ്പം തടവിലായിരിക്കുമ്പോഴാണ് (ഫിലോമോൻ 10 ) . അതിനു ശേഷം പൗലോസ് പറയുന്നത് ” അവൻ മുമ്പെ നിനക്കു
പ്രയോജനമില്ലാത്തവൻ ആയിരുന്നു; ഇപ്പോൾ നിനക്കും എനിക്കും നല്ല പ്രയോജനമുള്ളവൻ തന്നേ ” (ഫിലോമോൻ 11.) ആർക്കും പ്രയോജനമില്ലാത്തവനായി ജീവിച്ചയാൾ വീണ്ടും ജനിച്ചപ്പോൾ എല്ലാവർക്കും പ്രയോജനമുള്ളവനായി മാറി .
വീണ്ടും ജനനാനുഭവം ജീവിതത്തിൽ ………
1). 1 യോഹ 3:9 പാപം ചെയ്യുന്നില്ല.
” ദൈവത്തിൽനിന്നു ജനിച്ചവൻ ആരും പാപം ചെയ്യുന്നില്ല; അവന്റെ വിത്തു അവനിൽ വസിക്കുന്നു; ദൈവത്തിൽനിന്നു ജനിച്ചതിനാൽ അവന്നു പാപം ചെയ്വാൻ കഴികയുമില്ല.”
പാപം ചെയ്യുന്നില്ല എന്നത് മനസിലാക്കുവാൻ ഇംഗ്ലീഷിൽ ഈ വാക്യം നോക്കുന്നത് പ്രയോജനപ്പെടും
No one who is born of God will continue to sin, because God’s seed remains in them; they cannot go on sinning, because they have been born of God.
പാപം ചെയ്യുന്നില്ലായെന്നത് പാപത്തിൽ തുടരുന്നില്ലായെന്ന അർത്ഥത്തിലാണ് .വീണ്ടും ജനിച്ചയാൾ അബദ്ധവശാൽ തെറ്റു ചെയ്താലും വേഗം അനുതപിക്കും ,പാപത്തിൽ തുടരാൻ സാധിക്കത്തില്ല .
2). 1 യോഹ 4:7 അന്യോന്യം സ്നേഹിക്കുന്നു
” പ്രയമുള്ളവരേ, നാം അന്യോന്യം സ്നേഹിക്ക; സ്നേഹം ദൈവത്തിൽനിന്നു വരുന്നു. സ്നേഹിക്കുന്നവനെല്ലാം ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നു, ദൈവത്തെ അറികയും ചെയ്യുന്നു.”
വീണ്ടും ജനിച്ച ഏവരും ഏകപിതാവിൻ്റെ മക്കളാണ് .അവർ അന്യോന്യം സ്നേഹിക്കും .ദൈവം നമ്മെ സ്നേഹിക്കുന്നതു പോലെ തന്നെ നാം അന്യോന്യം സ്നേഹിക്കണം .
യോഹന്നാൻ 13:34…. ” നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നു പുതിയോരു കല്പന ഞാൻ നിങ്ങൾക്കു തരുന്നു; ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നു തന്നേ.”
“ലോകത്തിൽ തനിക്കുള്ളവരെ സ്നേഹിച്ചതുപോലെ അവസാനത്തോളം അവരെ സ്നേഹിച്ചു. (13:1) “
3). 1 യോഹ 5:, 4. ലോകത്തെ ജയിക്കുന്നു
” ദൈവത്തിൽനിന്നു ജനിച്ചതൊക്കെയും ലോകത്തെ ജയിക്കുന്നു; ലോകത്തെ ജയിച്ച ജയമോ നമ്മുടെ വിശ്വാസം തന്നേ.”
പിശാചിൻ്റെ അധീനതയിൽ കിടക്കുന്ന ഈ ശാപഭൂമിയിലാണ് നാം വസിക്കുന്നത് .ഈ ലോകത്തിൻ്റെ സ്വാധീനവലയത്തിൽ അകപ്പെട്ടു പോകാതെ പാപത്തോടു പോരാടി ,ദൈവഹിതപ്രകാരമുള്ള ഒരു ജയ ജീവിതം സാധ്യമാകണമെങ്കിൽ വീണ്ടും ജനിക്കണം .
4). 1 യോഹ 5:18. തന്നത്താൻ സൂക്ഷിക്കുന്നു
” …….. ദൈവത്തിൽനിന്നു ജനിച്ചവൻ തന്നെത്താൻ സൂക്ഷിക്കുന്നു; ദുഷ്ടൻ അവനെ തൊടുന്നതുമില്ല.”
വീണ്ടും ജനിച്ചവർ ഉത്തരവാദിത്വത്തോടെ ആത്മിയ ജീവിതം നയിക്കും. വിശുദ്ധ ജീവിതത്തിലൂടെ പിശാചിനെ ജയിക്കും.
“നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കരുണെക്കായി കാത്തിരുന്നുംകൊണ്ടു ദൈവസ്നേഹത്തിൽ നിങ്ങളെത്തന്നേ സൂക്ഷിച്ചുകൊൾവിൻ ” എന്ന് ( യൂദാ 21 ) പ്രബോധിപ്പിക്കുന്നു .
വീണ്ടും ജനനം ഒരു തോന്നൽ അല്ല ,യാഥാർത്ഥ്യമാണ്.
