ഭൂമിയിലെങ്ങും ശ്രേഷ്ഠമായ നാമം
ആരാണ് മനുഷ്യൻ എന്നും ദൈവവും പ്രപഞ്ചവും തമ്മിലുള്ള ബന്ധം എന്തെന്നും ചിത്രീകരിക്കുന്ന ഗീതമാണ് എട്ടാം സങ്കീർത്തനം. ദൈവ സൃഷ്ടിയുടെ മഹത്വത്തെപ്പറ്റി ഇതിൽ വിവരിക്കുന്നു. ഗത്ത്യരാഗത്തിൽ(gittith) ദാവീദ് രചിച്ചതാണിത്. ഈ സങ്കീർത്തനം ആരംഭിക്കുന്നതും അവസാനിക്കുന്നതും ഒരേ വാക്യങ്ങൾ കൊണ്ടാണ്.
ഗത്ത്യരാഗം എന്ന ശീർഷകത്തിന്റെ അർത്ഥം അജ്ഞാതമാണ്. ഈ വാക്കിന് മുന്തിരിച്ചക്ക് എന്ന അർത്ഥമുണ്ടെന്നും മുന്തിരിയുടെ കൊയ്ത്തുകാലത്ത് ഇത് പാടിവന്നു എന്നും അഭിപ്രായമുണ്ട്. സങ്കീർത്തനങ്ങൾ 81, 84 എന്നിവയും ഗത്ത്യരാഗത്തിൽ രചിക്കപ്പെട്ടവയാണ്. ഗിറ്റിത്ത് എന്നത് സംഗീതവുമായി ബന്ധപ്പെട്ട പദമാണ് എന്നാണ് കൂടുതൽ പ്രബലമായ അഭിപ്രായം. കൽദായ ഭാഷയിൽ രേഖപ്പെടുത്തിയിരിക്കുന്നത്, ഗത്തിൽ നിന്നു കൊണ്ടുവന്ന കിന്നരം ഉപയോഗിച്ച് ദാവീദ് പാടിയ പാട്ട് എന്നാണ്. ഇത് ഒരു ഗത്ത്യ വീണ ആയിരിക്കാം. ഇബ്നു എസ്രയുടെ അഭിപ്രായത്തിൽ, ഗത്ത്യനായ ഓബേദ് ഏദോമിന്റെ പിൻഗാമികൾക്കായി നിർമിച്ച സംഗീത ഉപകരണം എന്നാണ്.
ഈ സങ്കീർത്തനത്തിലെ രണ്ടാം വാക്യം, ഓശാന ദിനത്തിൽ കുട്ടികൾ ആർത്തുവിളിച്ച സന്ദർഭത്തിൽ യേശു ഉദ്ധരിക്കുന്നുണ്ട്. മഹാപുരോഹിതന്മാരും ശാസ്ത്രിമാരും നീരസപ്പെട്ടപ്പോൾ യേശു ഈ വാക്യം ഉദ്ധരിച്ച് ഇതൊരു പ്രവചന നിവൃത്തിയായി വ്യാഖ്യാനിച്ചു (മത്താ. 21: 15,16).
അതുപോലെ ആറാം വാക്യം എബ്രായ ലേഖകൻ ഉദ്ധരിച്ച് (എബ്രാ. 2:5, 6) യേശുവിന്റെ സ്വർഗ്ഗാരോഹണത്തെയും അധികാരത്തെയും ഔന്നത്യത്തെയും വിശദീകരിക്കുന്നു. പരമ്പരാഗത സഭകൾ സ്വർഗാരോഹണ പെരുന്നാളിൽ ഈ സങ്കീർത്തനം വായിക്കാറുണ്ട്. അത് മാത്രമല്ല ഓശാന ഞായറാഴ്ചയുടെ തലേന്ന് നടക്കുന്ന ആരാധനയിൽ ഈ സങ്കീർത്തനം ആലപിക്കാറുമുണ്ട്.
ഈ സങ്കീർത്തനത്തെ മൂന്ന് ഭാഗങ്ങളായി തിരിച്ച് പഠിക്കാവുന്നതാണ്.
- വാക്യം 1,2: പ്രകൃതിയിൽ വെളിപ്പെടുന്ന ദൈവമഹത്വം
ഭൂമിയിലങ്ങും ശ്രേഷ്ഠനാമം ഉള്ളവനായ ദൈവം ആകാശത്തിൽ തന്റെ തേജസ് വച്ചിരിക്കുന്നു. ആകാശം ദൈവത്തിന്റെ മഹത്വത്തെ വർണ്ണിക്കുന്നു (സങ്കീ. 19:1). ദൈവത്തിന്റെ മഹത്വം ഭൂമിയിലും സ്വർഗ്ഗത്തിലും വെളിപ്പെടുന്നു. എന്നാൽ ദൈവനിഷേധികൾക്ക് ദൈവത്തിന്റെ മഹത്വം കാണുവാൻ കഴിയുന്നില്ല.
- വാക്യം 3 – 8: മനുഷ്യൻ ദൈവദൃഷ്ടിയിൽ മണ്ണ് കൊണ്ട് സൃഷ്ടിക്കപ്പെട്ട മനുഷ്യന്റെ മഹത്വത്തെ ഈ ഭാഗത്ത് വിശദീകരിക്കുന്നു. ദൈവത്തിന്റെ അത്ഭുതകരമായ പ്രപഞ്ചസൃഷ്ടിയെ നോക്കുമ്പോൾ മനുഷ്യൻ നിസ്സാരനാണ്. എന്നാൽ ദൈവത്തേക്കാൾ അല്പം താഴ്ത്തി അവിടുന്ന് മനുഷ്യനെ തേജസും ബഹുമാനവും അണിയിച്ചിരിക്കുന്നു.
മർത്യനെ ഓർക്കേണ്ടതിന് അവൻ എന്ത്?(വാക്യം 4) എന്ന് ദാവീദ് ചോദിക്കുന്നു. അനന്തവും അജ്ഞാതവുമായ പ്രപഞ്ചത്തിൽ അവൻ ക്ഷണികനും നിസ്സാരനും ആണ്. നീർക്കുമിളപോലെ ക്ഷണികമാണ് അവന്റെ ആയുസ്സ്. എന്നാൽ മനുഷ്യന്റെ ആത്മാവിന് മുഴുലോകത്തേക്കാളും വിലയുണ്ടെന്ന് യേശു പറഞ്ഞു. മനുഷ്യൻ ദൈവസന്നിധിയിൽ മഹത്വവും മൂല്യവും ഉള്ളവനാണ്. മനുഷ്യനിൽ പ്രതിഫലിക്കുന്നത് ദൈവത്തിന്റെ തേജസ്സാണ്.
- വാക്യം 9: ദൈവമഹത്വവും സ്തുതിയും മനുഷ്യന് ശ്രേഷ്ഠൻ ആണെന്നും ദൈവത്തിന്റെ സൃഷ്ടികൾ അതിമഹത്തരമാണെന്നും വിസ്മയകരമാണെന്നും പറഞ്ഞ ദാവീദ് അവയെക്കാൾ ദൈവമഹത്വമാണ് ദർശിക്കുന്നത്. ദൈവം ശ്രേഷ്ഠനാമം ഉള്ളവനാണ്. സൃഷ്ടിയെ അല്ല സൃഷ്ടാവിനെയാണ് മനുഷ്യൻ കണ്ടുമുട്ടേണ്ടത്. ലോകത്തിലുള്ള എന്തിനേക്കാളും ദൈവമഹത്വത്തിന്റെ മുമ്പിലാണ് മനുഷ്യൻ കുമ്പിടേണ്ടത്. ദൈവസന്നിധിയിൽ നാം വിലയും അംഗീകാരവും ഉള്ളവരാണെന്നും ദൈവത്തിന്റെ എല്ലാ സൃഷ്ടിയെക്കാളും ദാനത്തെക്കാളും ദൈവത്തെയാണ് മഹത്വപ്പെടുത്തേണ്ടതെന്നും ഈ സങ്കീർത്തനം നമ്മെ പഠിപ്പിക്കുന്നു.
