വാളകം : അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ടായി പാസ്റ്റർ ടി.ജെ. സാമുവേൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. സെക്രട്ടറിയായിരുന്ന പാസ്റ്റർ തോമസ് ഫിലിപ്പ് ആണ് പുതിയ അസിസ്റ്റൻ്റ് സൂപ്രണ്ട്. പാസ്റ്റർ ജോസ് ടി.ജോർജ് സെക്രട്ടറി, പാസ്റ്റർ യാഹ്ദത്ത് മണി ട്രഷറർ, പാസ്റ്റർ ബാബു വർഗീസ് കമ്മിറ്റിയംഗം എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.വാളകം ലാൻഡ്മാർക്ക് കൺവൻഷൻ സെൻ്ററിൽ മാർച്ച് 30ന് നടന്ന കോൺഫറൻസിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

ടി.ജെ. സാമുവേൽ, തോമസ് ഫിലിപ്പ്, ബാബു വർഗീസ് എന്നിവർക്ക് തുടർച്ച. യാഹ്ദത്ത് മണിക്ക് തിരിച്ചുവരവ്. ജോസ് ടി. ജോർജ് പുതുമുഖം
പാസ്റ്റർ ടി.ജെ. സാമുവേൽ ആണ് മലയാളം ഡിസ്ട്രിക്ടിൽ ഏറ്റവും കൂടുതൽ കാലം സൂപ്രണ്ടായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.
നാല് പതിറ്റാണ്ടിലധികമായി അസംബ്ലീസ് ഓഫ് ഗോഡിൽ നേതൃരംഗത്ത് പ്രവർത്തിക്കുന്ന ടി. ജെ. സാമുവേൽ സ്കൂൾ പഠനാനന്തരം പുനലൂർ ബഥേൽ ബൈബിൾ കോളേജ്, ബാംഗ്ലൂർ എസ്.എ.ബി.സി എന്നിവിടങ്ങളിൽ വേദപഠനം നടത്തി. പുനലൂർ ബഥേൽ ബൈബിൾ കോളേജ് അധ്യാപകനായി ദീർഘ വർഷം പ്രവർത്തിച്ചു. അഞ്ചൽ സെക്ഷൻ പ്രസ്ബിറ്റർ, മദ്ധ്യമേഖലാ ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചാണ് നേതൃരംഗത്തേക്ക് പ്രവേശിച്ചത്. തുടർന്ന് മുപ്പത്തിനാലാം വയസിൽ സൗത്തിന്ത്യാ എ.ജി.ജനറൽ സെക്രട്ടറിയായി.മലയാളം ഡിസ്ട്രിക്ട് അസിസ്റ്റൻ്റ് സൂപ്രണ്ടായും പ്രവർത്തിച്ചിട്ടുണ്ട്. അസംബ്ലീസ് ഓഫ് ഗോഡ് ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറിയായി തുടർച്ചയായി ഇരുപത്തിനാല് വർഷം പ്രവർത്തിച്ചു.
അസിസ്റ്റൻ്റ് സൂപ്രണ്ടായി തെരഞ്ഞെടുക്കപ്പെട്ട തോമസ് ഫിലിപ്പ് നോമിനേഷൻ ബാലറ്റിൽ തന്നെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു . നേരത്തെ ഡിസ്ട്രിക്റ്റ് കമ്മിറ്റിയംഗം, ചങ്ങനാശേരി സെക്ഷൻ പ്രസ്ബിറ്റർ, ഉത്തർ മേഖല ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പുനലൂർ ബഥേൽ ബൈബിൾ കോളേജ്, ബാംഗ്ലൂർ എസ്.എ.ബി.സി, ബാംഗ്ലൂർ സെൻ്റ്. പീറ്റേഴ്സ് കോളേജ് എന്നിവിടങ്ങളിൽ നിന്നും വേദപഠനം പൂർത്തിയാക്കി. ഇളമ്പൽ സയോൺ എ ജി സഭയുടെ ശുശ്രൂഷകനാണ്.
സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ ജോസ് ടി. ജോർജ് എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ പുതുമുഖമാണ്. നാല്പത്തിമൂന്ന് കാരനായ ജോസ് അടൂർ സെക്ഷൻ പ്രസ്ബിറ്ററാണ്. അടൂർ കുന്നുതറ എ.ജി സഭയിൽ 10 വർഷം സഭാ ശുശ്രൂഷകനായിരുന്നു. 14 വർഷമായി അടൂർ റിവൈവൽ എ ജി യിലും പാസ്റ്ററായി പ്രവർത്തിക്കുന്നു. സൗത്തിന്ത്യ എ.ജി. യൂത്ത് സെക്രട്ടറി, എ.ജി.മദ്ധ്യമേഖലാ സൺഡേ സ്കൂൾ കൺവീനർ, ഡിസ്ട്രിക്ട് സി.എ.പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
കാഞ്ഞിരംകുളം സെക്ഷൻ പ്രസ്ബിറ്ററായ പാസ്റ്റർ യാഹ്ദത്ത് മണി മഞ്ഞക്കോട് സഭയിൽ ശുശ്രുഷകനാണ്.മുക്കോല സഭയിൽ ദീർഘ വർഷം പ്രവർത്തിച്ചനന്തരം എ.ജി.യിൽ ശുശ്രുഷകനായി പ്രവേശിച്ചു.തുടർന്ന് വിവിധ സഭകളിൽ ശുശ്രൂഷകനായിരുന്നു. ഡിസ്ട്രിക്ട് സൺഡേ സ്കൂൾ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. മലയാളം ഡിസ്ട്രിക്ട് ട്രഷററായി പല ടേമുകൾ പ്രവർത്തിച്ചിട്ടുണ്ട്. വിളപ്പിൽ സെക്ഷൻ പ്രസ്ബിറ്ററായും സേവനം ചെയ്തിട്ടുണ്ട്.
കമ്മിറ്റിയംഗമായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ ബാബു വർഗീസ് ഇടപ്പള്ളി ഫെയ്ത് നഗർ എ.ജി.സഭയുടെ സീനിയർ പാസ്റ്ററാണ്. 1980 മുതൽ ഉത്തരമേഖല കേന്ദ്രമാക്കി പ്രവർത്തിക്കുന്നു. ആലുവ, കോതമംഗലം, എറണാകുളം തുടങ്ങിയ സഭകൾക്ക് നേതൃത്വം നല്കി. എറണാകുളം, ആലുവ, എറണാകുളം ഈസ്റ്റ് സെക്ഷനുകളിൽ പ്രസ്ബിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്.
