പ്രതികൂലങ്ങളിൽ പതറി പോകുന്നവനാണ് മനുഷ്യൻ. ഭയം ഏറ്റവും പെട്ടെന്ന് വെളിപ്പെടുന്ന വികാരമാണ്. എന്തെല്ലാമുണ്ടെങ്കിലും ഇന്ന് നാം പലവിധ ഭയങ്ങളെ അഭിമുഖീകരിക്കുന്നുണ്ട്. ഭാവിയെക്കുറിച്ച്, സാമ്പത്തിക ആവശ്യങ്ങളെക്കുറിച്ച്, മക്കളെ ഓർത്ത്, വീടോ മറ്റ് സൗകര്യങ്ങളോ ഇല്ലാത്തതോർത്ത്- ഭയവും ഭാരവും സങ്കടവും നമുക്ക് എല്ലാവർക്കും ഉണ്ട്.
അനേകം നാളുകൾ പ്രാർത്ഥിച്ചിട്ടും മറുപടി കിട്ടാത്ത വിഷയങ്ങൾ. ആഗ്രഹിച്ചിട്ടും മാറാത്ത രോഗങ്ങൾ, വേദനകൾ, സാമ്പത്തിക മേഖലയിൽ നേരിടുന്ന തകർച്ചകൾ, തലമുറകളുടെ നന്മകൾ തടയപ്പെടുന്നത്, അവരുടെ മുമ്പിൽ ഭാവിയുടെ വഴി അടയപ്പെട്ടതുപോലെ അല്ലെങ്കിൽ ഇരുളടഞ്ഞു കിടക്കുന്നതുപോലെ തോന്നുന്നത്, ആത്മീയ ജീവിതത്തിലും ശുശ്രൂഷയിലും മുന്നോട്ടു കുതിക്കുവാൻ കഴിയാതെ ക്ഷീണിപ്പിക്കുന്ന തരം ബന്ധനങ്ങൾ- അങ്ങനെ പലതിനെക്കുറിച്ചുള്ള ഭയം നമുക്കുണ്ട്.
ഇരുപത്തിയേഴാം സങ്കീർത്തനം ആഴമായി ധ്യാനിക്കുക. ആ വചനത്തിന്റെ ശക്തി നമ്മിൽ വെളിപ്പെട്ടാൽ പ്രതികൂലങ്ങളെ നോക്കി നാം ഭയപ്പെടില്ല, മറിച്ച് നാം അവയ്ക്കെതിരെ വെല്ലുവിളി ഉയർത്തും.
ദാവീദിന്റെ ജീവിതത്തിൽ പ്രശ്നങ്ങൾ ഇല്ലാഞ്ഞിട്ടല്ല. വൈരികളും ശത്രുക്കളുമായ ദുഷ്കർമ്മികൾ അവന്റെ മാംസം തിന്നുവാൻ കൊതിച്ച് ചുറ്റും നിൽക്കുന്നുണ്ട്. ഒരു വലിയ സൈന്യം അവനെതിരെ പാളയം ഇറങ്ങിയിരിക്കുന്നത് അവൻ കാണുന്നുണ്ട്. യുദ്ധം അവന്റെ മുമ്പിൽ ഉണ്ട്. സാഹചര്യങ്ങൾ ഒട്ടും അനുകൂലമല്ല. ചുറ്റും പ്രതികൂലങ്ങളും ശത്രുക്കളും മാത്രം.
പക്ഷേ ദാവീദ് പറയുന്നു, “ഞാൻ ആരെ ഭയപ്പെടും? ഞാൻ ആരെ പേടിക്കും? എന്റെ ഹൃദയം ഭയപ്പെടുകയില്ല. ഞാൻ നിർഭയനായിരിക്കും. ചുറ്റുമുള്ള ശത്രുക്കളുടെ മേൽ എന്റെ തല ഉയരും.”
ഒരു സുരക്ഷിത സങ്കേതത്തിൽ ഇരുന്നു കൊണ്ടല്ല ദാവീദ് സംസാരിക്കുന്നത്. ചുറ്റും പ്രതികൂലങ്ങളാൽ വലയപ്പെട്ടിരിക്കുമ്പോഴാണ് അവൻ ധൈര്യത്തിന്റെ വാക്കുകൾ പറയുന്നത്.
നമുക്കത് സാധിക്കുമോ? പ്രതികൂലങ്ങൾ വർധിക്കുമ്പോൾ, ഭയപ്പെടുത്തുന്ന സാഹചര്യമുണ്ടാകുമ്പോൾ, “ഞാൻ ആരെ ഭയപ്പെടും? ഞാൻ ആരെ പേടിക്കും?” എന്ന് പ്രതികൂലങ്ങളെ നോക്കി വെല്ലുവിളിക്കുവാൻ നമുക്ക് സാധിക്കുമോ?
എന്തുകൊണ്ടാണ് ദാവീദിന് അത് കഴിഞ്ഞത്? ദാവീദിന്റെ ശ്രദ്ധ ഒരിക്കലും പ്രതിസന്ധികളുടെ മേൽ ആയിരുന്നില്ല. ശത്രുക്കൾ ചുറ്റുമുള്ളപ്പോൾ പോലും ദാവീദ് അവരെ ഗൗനിച്ചിട്ടില്ല. ദാവീദ് എവിടെ നോക്കിയാലും അവന് ദൈവത്തെ മാത്രമേ കാണുവാൻ കഴിയുന്നുള്ളൂ.
മറ്റുള്ളവർ ഗോലിയാത്തിന്റെ വലിപ്പവും ശക്തിയും കാണുമ്പോൾ ദാവീദ് കാണുന്നത് ഇസ്രായേൽ നിരകളുടെ ദൈവത്തെയാണ്. മുമ്പിൽ നിൽക്കുന്നത് ഗോലിയാത്ത്; പക്ഷേ ദാവീദ് കാണുന്നത് സൈന്യങ്ങളുടെ ദൈവമായ യഹോവയെയും.
യഹോവ എന്റെ വെളിച്ചമാണ്; ഞാൻ എന്തിന് ഇരുട്ടിനെ ഭയപ്പെടണം? യഹോവ എന്‍റെ രക്ഷയാണ്; ഞാൻ എന്തിന് മരണത്തെ പേടിക്കണം? യഹോവ എന്റെ ജീവന്റെ ബലമാണ്; ജീവൻ എടുക്കുവാൻ വരുന്ന ശത്രുവിനെ ഞാനെന്തിന് ഭയപ്പെടണം? യഹോവ എന്‍റെ പരിപാലകനാണ്; എന്റെ മാംസം തിന്നാൻ അടുക്കുന്ന ശത്രുവിനെ ഞാനെന്തിന് ഭയപ്പെടണം? യഹോവ എന്‍റെ പരിചയം പലകയും ആണ്; എന്റെ നേരെ പാളയം അടങ്ങിയിരിക്കുന്ന സൈന്യത്തെ ഞാനെന്തിന് ഭയപ്പെടണം?
പ്രിയപ്പെട്ടവരെ, പ്രതികൂല സാഹചര്യങ്ങളെ നോക്കി നമുക്കിങ്ങനെ വെല്ലുവിളിക്കാൻ കഴിയണം. യഹോവ എന്‍റെ സൗഖ്യമാണ്; ഞാൻ രോഗത്തെ ഭയപ്പെടില്ല. യഹോവ എന്റെ ആശ്വാസമാണ്; ഞാൻ വേദനയെ പേടിക്കുകയില്ല. യഹോവ എന്റെ സമ്പത്താണ്; ഞാൻ ദാരിദ്ര്യത്തെ പേടിക്കുകയില്ല. യഹോവ എന്റെ സന്തോഷമാണ്; ഞാൻ കണ്ണീരിനെ പേടിയില്ല?
യഹോവ എന്‍റെ മക്കളുടെ ഭാവിയാണ്; ഞാൻ തടസ്സങ്ങളെ പേടിക്കുകയില്ല. യഹോവ എന്റെ കൂടെ ഇരിക്കുന്ന നല്ല ഇടയനാണ്; ഞാൻ കൂരിരുൾ താഴ്‌വരയെ പേടിക്കുകയില്ല.
എന്തുകൊണ്ടാണ് ദാവീദ് ഭയപ്പെടാത്തത്? എന്താണ് അവന് ഇത്രയധികം ധൈര്യം ഉണ്ടാകാൻ കാരണം? അവന് ചില കാര്യങ്ങൾ അറിയാം. അവന് ചില വിഷയങ്ങളെക്കുറിച്ച് നല്ല ബോധ്യമുണ്ട്. എന്താണവ?
“അനര്‍ഥ ദിവസത്തിൽ അവൻ തന്റെ കൂടാരത്തിൽ എന്നെ ഒളിപ്പിക്കും; തിരുനിവാസത്തിന്റെ മറവിൽ എന്നെ മറയ്ക്കും; പാറമേൽ എന്നെ ഉയർത്തും.”
ഈ ബോധ്യമില്ലാത്തതുകൊണ്ടാണ് പലപ്പോഴും നാം ഭയപ്പെട്ടു പോകുന്നത്. നമുക്ക് ഈ അറിവ് ഉണ്ടാകണം. നമ്മുടെ ദൈവത്തെക്കുറിച്ചും, നമ്മുടെ പിതാവ് ആരെന്നും, അവിടുന്ന് നമ്മെ എങ്ങനെ കരുതുന്നു എന്നും അറിവുണ്ടായാൽ എത്ര വലിയ പ്രതിസന്ധിയിലും നാം തളർന്നു പോകില്ല. ഏത് സാഹചര്യത്തിലും നമുക്ക് ജയഘോഷ യാഗങ്ങളെ അർപ്പിക്കുവാൻ കഴിയും. യഹോവയ്ക്ക് നാം പാടി കീർത്തനം ചെയ്യും.
മാംസം തിന്നുവാൻ ശത്രു പാഞ്ഞടുക്കുമ്പോൾ യഹോവയുടെ മനോഹരത്വത്തെ കുറിച്ച് ചിന്തിക്കുന്ന ദാവീദ്. വൈരികളും ശത്രുക്കളുമായി ദുഷ്കർമ്മികളുടെ സൈന്യം ചുറ്റും വളയുമ്പോൾ അതിനെയൊന്നും കാര്യമാക്കാതെ “ഞാൻ യഹോവയുടെ മന്ദിരത്തിൽ ധ്യാനിക്കാൻ പോകുന്നു” എന്നു പറയുന്ന ദാവീദ്. അതാണ് നമ്മുടെ വിശ്വാസം.
ഒരു പ്രതികൂലത്തിനും നമ്മെ തകർക്കുവാൻ കഴിയില്ല. ഒരു സാഹചര്യത്തിനും നമ്മുടെ തലമുറകളുടെ നന്മകൾ അപഹരിക്കുവാൻ കഴിയില്ല. നാം ജീവനുള്ളവരുടെ ദേശത്ത് യഹോവയുടെ നന്മ കാണും. യഹോവയിൽ പ്രത്യാശ വയ്ക്കുക. നമ്മുടെ ഹൃദയം ഉറച്ചിരിക്കട്ടെ; അതെ യഹോവയിൽ പ്രത്യാശ വയ്ക്കുക.
