പറന്തൽ : വിശ്വാസികൾ ദൈവഹിത പ്രകാരം ജീവിച്ച് നിത്യമായ ജീവിതത്തിനായി ഒരുക്കമുള്ളവരായിരിക്കണമെന്നും മറ്റുള്ളവർക്ക് നന്മ ചെയ്തും വിഭവങ്ങൾ പങ്കിട്ടും ജീവിക്കുവാൻ ഓരോരുത്തരും ശ്രദ്ധിക്കണമെന്നും അസംബ്ലീസ് ഓഫ് ഗോഡ് സഭാ സൂപ്രണ്ട് പാസ്റ്റർ ടി.ജെ. സാമുവേൽ ആഹ്വാനം ചെയ്തു. അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ സംസ്ഥാന കുടുംബസംഗമമായ സംയുക്ത ആരാധനയിൽ മുഖ്യ സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള എട്ട് ജില്ലകളിൽ നിന്നും ഇരുപതിനായിരത്തോളം വിശ്വാസികൾ സംയുക്ത ആരാധനയിൽ സംബന്ധിച്ചു. സ്വാർത്ഥരായി ജീവിക്കുന്നവർ വിശ്വാസികളാണോയെന്ന് സ്വയം വിലയിരുത്തണമെന്നും ചുറ്റുപാടുകളെ സ്നേഹിച്ചും കരുതിയും ജീവിച്ച് ജീവിതം അർത്ഥപൂർണമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സഭാജനങ്ങൾ സമൂഹത്തിന് രുചി വരുത്തുന്നവരാവണം. സങ്കടങ്ങളിൽ കഴിയുന്നവരെ സഹായിച്ചും രോഗികൾക്ക് ആശ്വാസമായി തീർന്നും ആവശ്യങ്ങളിൽ ഇരിക്കുന്നവർക്ക് അത്താണിയായി തീർന്നും വിശ്വാസികൾ ജീവിക്കണമെന്നും പാസ്റ്റർ സാമുവേൽ ഓർമ്മിപ്പിച്ചു.
അസിസ്റ്റൻ്റ് സൂപ്രണ്ട് ഡോ.ഐസക് വി.മാത്യു അദ്ധ്യക്ഷനായിരുന്നു. സഭാ സെക്രട്ടറി പാസ്റ്റർ തോമസ് ഫിലിപ്പ് സങ്കീർത്തന പ്രഭാഷണം നടത്തി.സഭയ്ക്ക് മികച്ച സേവനങ്ങൾ നല്കിയതിന് പാസ്റ്റർ വിത്സൺ ജോസ്, പാസ്റ്റർ ക്യാപ്റ്റൻ സ്റ്റാൻലി ജോർജ്, പാസ്റ്റർ തോമസ് വർഗീസ്, ബാബു യോഹന്നാൻ എന്നിവരെ ആദരിച്ചു. മികച്ച പ്രിൻസിപ്പാൾ എന്ന നിലയിൽ ഈ വർഷം വിവിധ അവാർഡുകൾ നേടിയ കടയ്ക്കൽ എ ജി പബ്ലിക് സ്കൂൾ പ്രിൻസിപ്പാൾ മേരിക്കുട്ടി ജോസിനെയും ആദരിച്ചു.
ഇടയ്ക്കാട് ശാലേം എ ജി സഭാംഗങ്ങളായ ജെയിംസ് പാപ്പച്ചൻ, സാബു യോഹന്നാൻ എന്നിവർ നേതൃത്വം നല്കി ആരംഭിക്കുന്ന തണൽ ഭവന പദ്ധതിയുടെ ആദ്യ വീടിൻ്റെ താക്കോൽ ദാനവും സംയുക്ത സഭാ യോഗത്തിൽ നടത്തി.പാവ്സൺ വർഗീസ്, പാസ്റ്റർ ജോൺസ് മാത്യു, നെയ്യാറ്റിൻകര സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ സുനിൽദാസ്, മേഖലാ ഡയറക്ടർമാരായ പാസ്റ്റർ ആർ.സനൽകുമാർ, പാസ്റ്റർ ജെ.സജി, പാസ്റ്റർ എം.ടി.സൈമൺ, വിമൺസ് മിഷണറി കൗൺസിൽ പ്രസിഡൻ്റ് മറിയാമ്മ സാമുവേൽ, ഡോ.അനിൽ തോമസ്, രാജു ബിഷ, ബഥേൽ ബൈബിൾ കോളേജ് പ്രിൻസിപ്പാൾ ഡോ.ജെയിംസ് ജോർജ്, സൗത്തിന്ത്യ എ.ജി.ജനറൽ സെക്രട്ടറി ഡോ.കെ.ജെ. മാത്യു, ജോമോൻ കുരുവിള, ഷാജൻ ജോൺ ഇടയ്ക്കാട് എന്നിവർ പ്രസംഗിച്ചു. സിസ്റ്റർ മേഴ്സി ബാബു, ജോസ് സാമുവേൽ, പത്തനംതിട്ട സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ റെജി വർഗീസ്, പാസ്റ്റർ രാജൻ ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.
അസിസ്റ്റൻ്റ് സൂപ്രണ്ട് ഡോ.ഐസക് വി മാത്യുവും സൂപ്രണ്ട് പാസ്റ്റർ ടി.ജെ. സാമുവേലും തിരുവത്താഴ ശുശ്രൂഷയ്ക്ക് നേതൃത്വം നല്കി.പാസ്റ്റർ സാം ടി. ബേബി പ്രാരംഭ പ്രാർത്ഥനയും പാസ്റ്റർ ടി മത്തായിക്കുട്ടി സമാപന പ്രാർത്ഥനയും നടത്തി.
