തൃശൂർ : മദ്യത്തിന് പേരിടുന്നതിന് സര്‍ക്കാര്‍ സമ്മാനം പ്രഖ്യാപിച്ചതിനെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതിയുമായി കെസിബിസിയും വ്യക്തികളും രംഗത്ത്.
പുതിയതായി നിർമിക്കുന്ന മദ്യത്തിന് പേരും ലോഗോയും നിർദേശിക്കാൻ പൊതുജനങ്ങൾക്ക് പാരിതോഷികം നല്കി നടത്തുന്ന മത്സരം നഗ്നമായ അബ്കാരി ചട്ടലംഘനമാണെന്നും അതിനാൽ പിൻവലിക്കണമെന്നും വകുപ്പ് മന്ത്രി മറുപടി പറയണമെന്നും കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറിയും വക്താവുമായ പ്രസാദ് കുരുവിള ആരോപിച്ചു.
“സരോഗേറ്റ് അഡ്വർടൈസ്മെന്റ്റ്’ ആണിത്. മദ്യത്തിന് പരസ്യം പാടില്ലായെന്ന നിയമവ്യവസ്ഥയുടെ നഗ്നമായ ലംഘനമാണ് ബെവ്കോയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുംവിധം പുതിയൊരു ബ്രാൻഡിന് പേരും ലോഗോയും നിർദേശിക്കാനുള്ള അവ സരം കുട്ടികൾക്ക് പോലും തെറ്റായ സന്ദേശം നൽകും. ഈ നടപടി പിൻവലിക്കാതെ ഒരടി മുന്നോട്ട് പോകാൻ അനുവദിക്കില്ല.’-കെസിബിസി മ ദ്യവിരുദ്ധ സമിതി വ്യക്തമാക്കി.
കഴിഞ്ഞ 10 വർഷമായി മദ്യവർജ്ജനം പറയുന്ന സർക്കാർ പുതുവർഷം കൊഴുപ്പിക്കാൻ ബാറുകളുടെ സമയം വർദ്ധിപ്പിച്ചതും, അബ്കാരി പ്രീ ണന സമീപനം സ്വീകരിക്കുന്നതും തെരഞ്ഞെടുപ്പ് ഫണ്ട് ലക്ഷ്യംവച്ചാണ്. മാരക ലഹരികളുടെയും മദ്യത്തിൻ്റെയും ദുരിതവും ദുരന്തവും പേറു ന്ന അമ്മ സഹോദരിമാരുടെ ക്ഷമയെ പരീക്ഷിക്കുകയാണ് ഈ സർക്കാർ. പ്രാദേശിക സർക്കാരുകളുടെ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ജനമനസ്സുകളിൽ ഈ സർക്കാർ ഒരു “കെയർടേക്കർ സർക്കാർ’ മാത്രമാണ്.
നാലുമാസം കഴിഞ്ഞ് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മനസ്സൊരുക്കുന്ന വോട്ടർമാരുടെയിടയിൽ ജനദ്രോഹ നയങ്ങൾക്കെതിരെ ശക്തമായ ചിന്തയുണ്ടാകും. “മുക്കിന് മുക്കിന് മദ്യശാലകൾ’ അനുവദിക്കുകയും മുട്ടുശാന്തിക്ക് മദ്യവർജ്ജനം പറയുകയും ചെയ്യുന്നവർ മലയാളിയുടെ മദ്യാസക്തിയെന്ന ബലഹീനതയെ ചൂഷണം ചെയ്യുകയാണ്. കഴിഞ്ഞ 10 വർഷമായി പ്രകടനപത്രികയെ തള്ളിപ്പറഞ്ഞവർക്ക് മറ്റൊരു പ്രകടന പത്രികയും, ജാഥയും നടത്താനുള്ള ധാർമികാവകാശം നഷ്ടപ്പെട്ടിരിക്കുകയാണ്.’-കെസിബിസി മദ്യവിരുദ്ധ സമിതി കുറ്റപ്പെടുത്തി.
തൃശൂരിലെ കോണ്‍ഗ്രസ്സ് നേതാവ് ജോണ്‍ ഡാനിലും പരാതി നൽകി. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ഇത്തരം സംഭവങ്ങൾ കാരണമാകുന്നുവെന്ന് ജോൺ ഡാനിയൽ പരാതിയിൽ ചൂണ്ടിക്കാട്ടി.
മദ്യത്തിന്റെ പരസ്യത്തിന് സമ്മാനം നല്‍കുന്നത് മദ്യത്തെ മഹത്വവൽക്കരിക്കുന്നതിന് തുല്യമാണ്. മനുഷ്യന്റെ ആരോഗ്യം, സാമ്പത്തിക ഘടന എന്നിവയെല്ലാം തകര്‍ക്കുന്ന മദ്യം പോലൊരു ലഹരിവസ്തുവിന്റെ പ്രചാരണത്തിന് സർക്കാർ സമ്മാനം വാഗ്ദാനം ചെയ്യുന്നത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്നും പരാതിയില്‍ വ്യക്തമാക്കി.
സർക്കാർ നിർമിക്കുന്ന മദ്യത്തിന് പൊതുജനങ്ങളിൽ നിന്ന് പേരും ലോഗോയും ക്ഷണിച്ചതും അതിന് സമ്മാനം വാഗ്ദാനം ചെയ്തതും സംസ്ഥാനത്തിൻറെ മദ്യനയത്തിന് വിരുദ്ധവും നിയമലംഘനവും പൗരാവകാശ ലംഘനവുമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. സർക്കാരിനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നും മനുഷ്യാവകാശ കമ്മീഷന് നൽകിയ പരാതിയിൽ പറയുന്നു.
മലബാർ ഡിസ്റ്റിലറീസിൽ നിന്നും നിർമ്മിക്കുന്ന മദ്യത്തിന് പേരും ലോഗോയും മികച്ച പേരും ലോഗോയും നിർദേശിക്കുന്നവർക്ക് പതിനായിരം രൂപ വീതം സമ്മാനവും പ്രഖ്യാപിച്ചിരുന്നു.
