കേരള നിയമ സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നാളെ ഏപ്രിൽ 9ന് നടക്കുകയാണല്ലോ? മൂന്ന് മുന്നണികളും അധികാരം പിടിച്ചെടുക്കാനുള്ള സർവ്വ തന്ത്രങ്ങളുമായി പ്രചരണ രംഗം കൊഴിച്ചിച്ചു. ഭരണ തുടർച്ചക്കുവേണ്ടി ഇടതുപക്ഷ ജനാധിപത്യ മുന്നണിയും ഭരണം തിരിച്ചു പിടിക്കാൻ ഐക്യജനാധിപത്യ മുന്നണിയും തങ്ങളുടെ ആവനാഴിയിലെ അവസാന ആയുധങ്ങളും ഉപയോഗിച്ച് ആരോപണ പ്രത്യാരോപണങ്ങളുമായി കളം നിറഞ്ഞു. ഡീലും വോട്ടിനു നോട്ടും ഒക്കെ വിവാദങ്ങൾക്ക് വഴിതെളിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നിയമസഭയിൽ പ്രാതിനിധ്യം ഇല്ലാതിരുന്ന ദേശീയ ജനാധിപത്യ സഖ്യം സീറ്റുറപ്പിക്കുവാനുള്ള തീവ്ര ശ്രമത്തിലാണ്.
അടുത്ത അഞ്ചു വർഷം ആര് സംസ്ഥാനം ഭരിക്കണമെന്ന വിധിയെഴുത്തിൽ നമ്മുടെ ഉത്തരവാദിത്വങ്ങൾ പ്രാർഥനാപൂർവ്വവും വിവേചന ബുദ്ധിയോടെയും വിനിയോഗിക്കാൻ നാം പ്രതിജ്ഞാബദ്ധരാണ്.
വർഗീയ ഫാസിസ്റ്റ് ശക്തികൾ രാഷ്ട്രീയ അധികാരം കൈയ്യാളിയാൽ ന്യൂനപക്ഷ വിഭാഗങ്ങൾ ഏറെ പ്രതിസന്ധികളെ നേരിടേണ്ടി വരും. ഭാരതത്തിന്റെ അടിസ്ഥാന ശിലകളായ ജനധിപത്യവും മതേതരത്വവും സംരക്ഷിക്കപ്പെടാൻ ആവശ്യമായ സാഹചര്യങ്ങൾ സംസ്ഥാനത്തും നിലനിൽക്കേണ്ടതുണ്ട്. ജനക്ഷേമവും അഴിമതിരഹിതവും വിശ്വാസ സംരക്ഷണവും ഉറപ്പു നൽകുന്ന രാഷ്ട്രീയ കക്ഷികൾ/മുന്നണികൾ അധികാരത്തിൽ എത്തേണ്ടത് നമ്മുടെ നിലനിൽപിന് അത്യന്താപേക്ഷിതമാണ്.
പെന്തക്കോസ്‌തു സമൂഹം ഒരു മുന്നണിക്കും പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. സാമ്പത്തിക ലക്ഷ്യത്തോടെ ചില പേപ്പർ സംഘടനകൾ രംഗത്തു വന്നിട്ടുണ്ട്. അത്തരക്കാരെ നാം തിരിച്ചറിയണം. ക്രൈസ്തവരുടെ ന്യായമായ അവകാശങ്ങൾ അംഗീകരിക്കുകയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനായി ക്രിയാത്മക പദ്ധതികൾ നടപ്പിലാക്കുകയും ചെയ്യുമെന്ന് ഉറപ്പ് നൽകുന്നവരെ പിന്തുണക്കണം. ക്രൈസ്തവ വിഭാഗങ്ങളിൽ ന്യൂനപക്ഷമായ പെന്തെക്കോസ്ത് സമൂഹം ഏറെ പ്രതിസന്ധികളെ നേരിടുന്നവരാണ്.
പെന്തെക്കോസ്തു സഭകൾക്ക് ന്യായമായി ലഭിക്കേണ്ട നിരവധി ആവശ്യങ്ങൾ ബാക്കിയാണ്. ആരാധനാലയങ്ങളുടെ നിർമ്മാണം, സെമിത്തേരി പ്രശ്‌നങ്ങൾ എന്നിവയ്‌ക്കൊക്കെ ശാശ്വത പരിഹാരം ആവശ്യമാണ്.
രാഷ്ട്രീയ ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിന് വിശ്വാസ സമൂഹത്തിനും വ്യക്തമായ കാഴ്ചപ്പാടുണ്ടായിരിക്കണം. അഴിമതിയും അധാർമ്മികതയും കൊടികുത്തി വാഴുന്ന വർത്തമാനകാല രാഷ്ട്രീയത്തോട് നമുക്ക് അനുരഞ്ജനപ്പെടാൻ കഴിയില്ലെങ്കിലും രാഷ്ട്രനിർമ്മാണ പ്രവർത്തനങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കാൻ ഒരു പൗരൻ എന്ന നിലയിൽ നമുക്ക് കഴിയില്ല. നീതിയിലും സഹോദര്യത്തിലും അധിഷ്ഠിതമായ ഒരു സമൂഹം ഇവിടെ നിലനിൽക്കണം. സദ്‌വാർത്തയുടെ സന്ദേശകരായ സുവിശേഷകർക്ക് നിർഭയം അത് പ്രചരിപ്പിക്കുന്നതിനും നിർവിഘ്‌നം കൂട്ടായ്മകൾ നടത്തുന്നതിനുമുള്ള സ്വാതന്ത്ര്യം സംസ്ഥാനത്ത് തുടരേണ്ടതുണ്ട്.
സമത്വത്തിലും നീതിയിലും അധിഷ്ഠിതമായ ഒരു സമൂഹം രൂപപ്പെടുവാൻ നമ്മുടെ സമ്മതിദാനാവകാശം യഥാവിധി വിനിയോഗിക്കണം. അരാജകത്വവും അഴിമതിയുമില്ലാത്ത ന്യൂനപക്ഷ സംരക്ഷണം ഉറപ്പാക്കുന്ന, ജനാധിപത്യ മൂല്യങ്ങൾക്ക് ഊന്നൽ നൽകുന്ന മതേതരത്വം സംരക്ഷിക്കപ്പെടുന്ന ഒരു സർക്കാർ സംസ്ഥാനത്ത് അധികാരത്തിൽ എത്തണം.
വിശ്വാസ സമൂഹം യഥാർത്ഥ വസ്തുതകൾ മനസിലാക്കി പ്രാർഥനാപൂർവ്വം തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കാം. നമ്മുടെ സംസ്ഥാനത്തിന്റെ പുരോഗതിക്കും സമാധാനത്തിനുമായി നമുക്ക് പ്രാർഥിക്കാം. ഉത്തരവാദിത്വങ്ങൾ മറക്കാതിരിക്കുക!
