ഒഡീഷയിലെ ബാരിപ്പഡയിൽ 34 പരം വർഷങ്ങൾ പ്രേക്ഷിത ദൗത്യവും ആതുര സേവനവും ചെയ്തു വന്നിരുന്ന ഗ്രഹാം സ്റ്റെയ്ൻസിനെ 1999 ജനുവരി 22നാണ് മനോഹർ ഗ്രാമത്തിൽ വച്ച് രണ്ട് ആൺമക്കളോടൊപ്പം നിഷ്ഠൂരമായി ചുട്ട് കൊന്നത്. ലോക മനസ്സാക്ഷിയെ മരവിപ്പിച്ച ഈ ക്രൂരകൃത്യം നടന്നിട്ട് ഇന്ന് 26 വർഷം പൂർത്തിയാകുന്നു. കുറ്റവാളികൾക്ക് ക്ഷമ നൽകുന്നു എന്ന ഗ്ലാഡിസിന്റെ പ്രസ്താവന അന്ന് വലിയ വാർത്തയായിരുന്നു. ശിക്ഷിക്കപ്പെട്ട പ്രതികൾ പലരും ജയിൽ മോചിതരായെങ്കിലും മുഖ്യപ്രതി ധാരാസിംങ്ങ് ഇപ്പോഴും ജയിലിലാണ്. തന്റെ മോചനവും താമസിയാതെ ഉണ്ടായേക്കും.
ഈ സംഭവത്തിനുശേഷം സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോയ ഭാര്യ ഗ്ലാഡിസും മകൾ എസ്തേറും ഇപ്പോൾ ആസ്ട്രേലിയയിലാണ് സ്ഥിരതാമസം. അവർ നടത്തിവന്നിരുന്ന മിഷൻ ഹോസ്പിറ്റൽ, കുഷ്ഠരോഗീ പുനരധിവാസ കേന്ദ്രം, സഭാ പ്രവർത്തനങ്ങൾ എല്ലാം ഇപ്പോൾ നാമമാത്രമായി മാത്രം പ്രവർത്തിക്കുന്നു.
ഈ സംഭവത്തിനു ശേഷം കഴിഞ്ഞ 25 വർഷമായി ഒഡീഷയിൽ ക്രൈസ്തവ വിഭാഗങ്ങൾക്ക് എതിരായി ഒറ്റപ്പെട്ടും സംഘടിതമായും ഒട്ടനവധി ആക്രമണങ്ങൾ നടക്കുകയുണ്ടായി. 2008 ൽ ദക്ഷിണ ഒഡീഷയിലെ കൊന്തമാൾ ജില്ലയിൽ നടന്ന അതിക്രൂരമായ പീഡനത്തിൽ നൂറിലധികം വിശ്വാസികളും സുവിശേഷകരും കൊല്ലപ്പെടുകയുണ്ടായി. അടുത്ത കാലത്ത് പീഡന വാർത്തകൾ ഒരു തുടർച്ചയായിത്തീർന്നിരിക്കുന്നു.
മതപരിവർത്തന കുറ്റം ആരോപിക്കപ്പെട്ട് ജയിലിൽ അടയ്ക്കപ്പെട്ടവർ, വ്യാജ കേസ്സുകളിൽ ഇതുവരെയും തീരുമാനം ആകാതെ പ്രതിസന്ധികളിൽ ആയിരിക്കുന്നവർ നിരവധിയാണ്. മല്ക്കാൻ ഗിരി, ബാലേസ്വർ, ധെൻകനാൽ തുടങ്ങിയ ജില്ലകളിൽ ഈ അടുത്ത സമയത്തുണ്ടായ പീഡനങ്ങൾ അത്യന്തം നിന്ദ്യവും മാനവികതയ്ക്ക് ചേരാത്തതുമാണ്. ഒഡീഷ സംസ്ഥാനത്തെ ക്രൈസ്തവ സഭകളെയും സുവിശേഷ പ്രവർത്തകരെയും ഓർത്ത് നാം അധികമായി പ്രാർത്ഥിക്കേണ്ടതുണ്ട്.
