യോഹന്നാൻ 3:22-30 വരെയുള്ള വാക്യങ്ങൾ സ്നാപക യോഹന്നാൻ്റെ ആത്മവിനയവും യേശുവാണ് മിശിഹാ എന്ന സത്യത്തിന് നൽകിയ അടിയുറച്ച സാക്ഷ്യവുമാണ് .
യേശുവും ശിഷ്യന്മാരും യെഹൂദ്യ ദേശത്തു ചെന്ന് ആളുകളെ സ്നാനം കഴിപ്പിച്ചു.
അതേസമയം യോഹന്നാനും ഐനോനിൽ സ്നാനം നൽകിക്കൊണ്ടിരുന്നു. യേശുവും ശിഷ്യന്മാരും സ്നാനം കഴിപ്പിക്കുന്നത് യോഹന്നാൻ്റെ ശിഷ്യന്മാരിൽ ചിലർക്ക് ഇഷ്ടമായില്ല. യോഹന്നാൻ മുമ്പ് സാക്ഷ്യം പറഞ്ഞ വ്യക്തിയും (യേശു) ഇപ്പോൾ ആളുകളെ സ്നാനപ്പെടുത്തുന്നുവെന്നും എല്ലാവരും അവിടേക്ക് പോകുന്നുവെന്നും ശിഷ്യന്മാർ യോഹന്നാനോട് പരാതിപ്പെട്ടു.
ഇതിന് സ്നാപക യോഹന്നാന്റെ മറുപടിയാണ്
” അവൻ വളരേണം, ഞാനോ കുറയേണം ” എന്നത്. താൻ ക്രിസ്തുവല്ലെന്നും
അവനുവേണ്ടി വഴി ഒരുക്കാൻ അയക്കപ്പെട്ടവൻ
മാത്രമാണെന്നും ശിഷ്യന്മാരെ ഓർമ്മിപ്പിച്ചു. യേശുവിനെ മണവാളനോടും തന്നെ മണവാളന്റെ തോഴനോടും അദ്ദേഹം ഉപമിച്ചു. മണവാളന്റെ ശബ്ദം കേട്ട് സന്തോഷിക്കുന്ന തോഴനെപ്പോലെ, യേശുവിന്റെ വിജയം കണ്ട് തനിക്ക് പൂർണ്ണ സന്തോഷം ലഭിച്ചതായി യോഹന്നാൻ പറഞ്ഞു.
യോഹന്നാൻ 3:30-ലെ ഈ പ്രശസ്തമായ വാക്യം സ്വന്തം മഹത്വം ആഗ്രഹിക്കാതെ ക്രിസ്തുവിനെ ഉയർത്തേണ്ടതിന്റെ ആവശ്യകത പഠിപ്പിക്കുന്നു. ദൈവവേലയിൽ മനുഷ്യന്റെ സ്വാർത്ഥതയും അഹങ്കാരവും മാറി യേശു മാത്രം കേന്ദ്രമായി മാറണം എന്നതിന്റെ ഉത്തമ മാതൃകയാണിത്. എല്ലാ യോഗങ്ങളുടെയും,
പ്രവർത്തനത്തിൻ്റെയും ലക്ഷ്യം ദൈവത്തിൻ്റെ മഹത്വമാണ് ഇന്ന് പലർക്കും സ്വന്തം മഹത്വമാണ് ലക്ഷ്യം.
ഏതു വേദിയിലും തങ്ങളുടെ ഔദ്യോഗിക സ്ഥാനം മൈക്കി
ലൂടെ പറഞ്ഞില്ലെങ്കിൽ പിണങ്ങുന്നവരുടെ ലക്ഷ്യം എന്താണ് ?
യോഗത്തിന് തൻ്റെ പേര് പ്രസംഗകൻ പറയാത്തതിന് അധ്യക്ഷനോട് വഴക്കിടുന്നത് കണ്ടിട്ടുണ്ട്. കൺവൻഷൻ്റെ അനുഗ്രഹത്തിനായി പ്രാർത്ഥിപ്പാൻ ക്രമീകരിച്ച ഒരു യോഗത്തിലും വരാത്തയാൾ,
ഞായറാഴ്ച മൈക്കിലൂടെ പ്രാർത്ഥിപ്പാൻ അവസരം ചോദിച്ചു നടക്കുന്നതും കണ്ടിട്ടുണ്ട്. ആരും വിളിച്ചില്ലേലും നേരത്തെ വന്ന്
സ്റ്റേജിൽ കയറി ഇരിക്കുന്നവരും ഉണ്ട്.
കർത്താവിൻ്റെ മഹാപൗരോഹിത്യ പ്രാർത്ഥനയിലെ ഒരു വാചകം
” ഞാൻ ഭൂമിയിൽ നിന്നെ മഹത്വപ്പെടുത്തി, നീ എനിക്കു ചെയ്‍വാൻ തന്ന പ്രവൃത്തി തികെച്ചിരിക്കുന്നു” എന്നാണ്. ഭൂമിയിൽ പിതാവിനെ മഹത്വപ്പെടുത്തുകയായിരുന്നു പുത്രൻ്റെ ലക്ഷ്യം. ഈ
ചെറിയ ആയുസ്സിൽ ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ട്, നമ്മുടെ ശുശ്രൂഷ തികക്കുവാൻ ശ്രമിക്കാം. വിനയമാകട്ടെ നമ്മുടെ മുഖമുദ്ര.
