” പുത്രനിൽ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നതേയുള്ളൂ”.(യോഹന്നാൻ 3:36).
സുവിശേഷത്തിൻ്റെ രത്ന ചുരുക്കമല്ലേ, ഈ വാക്യം?
ദൈവപുത്രനായ യേശുവിൽ വിശ്വസിക്കുന്നവന് നിത്യ
ജീവൻ ഉണ്ട് എന്നാണ്, ഉണ്ടാകും എന്നല്ല യേശു പറഞ്ഞത്. യേശു
ഭൂമിയിൽ ജീവിച്ചുവെന്ന് വിശ്വസിക്കുന്നവരുടെ കാര്യമല്ല ഇവിടെ പറഞ്ഞിരിക്കുന്നത്.
അങ്ങനെ വിശ്വസിക്കുന്ന ധാരാളം പേർ ഉണ്ട്.യേശു ദൈവപുത്രനാണെന്നും,ജഡത്തിൽ വെളിപ്പെട്ട ദൈവം ആണെന്നും വിശ്വസിക്കണം. അവൻ നമ്മുടെ പാപങ്ങൾക്കായി മരിച്ചു ഉയിർത്തെഴുന്നേറ്റുവെന്നു വിശ്വസിച്ച് വീണ്ടും ജനനം പ്രാപിക്കുന്നവരുടെ കാര്യമാണ് യേശു പറഞ്ഞത്. നിത്യജീവൻ എന്നത് മരണത്തിനുശേഷം ലഭിക്കുന്ന ജീവൻ ആണെന്ന് ധരിച്ചിരിക്കുന്ന ധാരാളം പേരും ഉണ്ട്. അതുകൊണ്ടാണ് വിശ്വാസികൾ മരിക്കുമ്പോൾ, നിത്യതയിൽ പ്രവേശിച്ചുവെന്ന് ചിലർ പരസ്യം ചെയ്യുന്നത്.
ക്രിസ്തുവിൽ വിശ്വസിക്കുന്നവന് ഇപ്പോൾത്തന്നെ ദൈവവുമായി ബന്ധമുള്ള പുതിയ ജീവൻ ലഭിക്കുന്നു; മരണത്തിനപ്പുറം അതിന്റെ പൂർണ്ണതയും അനുഭവിക്കും.
“പുത്രനെ അനുസരിക്കാത്തവനോ…” എന്നത് പുത്രനിൽ വിശ്വസി
ക്കാത്തവൻ എന്ന് വായിക്കാം. കാരണം,പുത്രനിൽ വിശ്വസിക്കുന്നവൻ പുത്രനെ അനുസരിക്കും. വിശ്വസിച്ചിട്ട് ദൈവവചനം അനുസരിക്കാതിരിക്കാൻ പറ്റില്ല. വിശ്വാസത്തിൻ്റെ അനന്തര ഫലമാണ് അനുസരണം.
പുത്രനെ അനുസരിക്കാത്തവൻ “ജീവനെ കാണുകയില്ല” എന്നാണ് യേശു പറഞ്ഞത്. അഥവാ, നിത്യ ജീവൻ എന്നത് ഒരുവൻ ഐഹിക
ജീവിതകാലത്ത് പ്രാപിക്കേണ്ടതാണ് .
മരണാനന്തര ചടങ്ങുകൾ കൊണ്ട് യാതൊരു പ്രയോജനവും ഇല്ല.
ഇതിന്റെ അർത്ഥം ആ വ്യക്തിക്ക് നിത്യജീവൻ ലഭിക്കുകയില്ല എന്നാണ്. ഒരു മനുഷ്യൻ സർവലോകവും നേടിയാലും നിത്യജീവൻ
നേടുന്നില്ലെങ്കിൽ ജീവിതം പാഴാക്കുകയാണ്. ലോകത്തിലെ എല്ലാം നേടിയാലും നിത്യജീവൻ ഇല്ലെങ്കിൽ മനുഷ്യന്റെ യഥാർത്ഥ പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ല. ഇത് ബൈബിൾ നൽകുന്ന ശക്തമായ മുന്നറിയിപ്പാണ് .
“ദൈവക്രോധം അവന്റെമേൽ വസിക്കുന്നു”
ദൈവക്രോധം എന്നത് ന്യായവിധിയെ സൂചിപ്പിക്കുന്നു.
മനുഷ്യൻ പാപത്തിൽ തുടരുകയും ദൈവത്തിന്റെ രക്ഷയെ നിരസിക്കുകയും ചെയ്യുമ്പോൾ അവൻ ന്യായവിധിക്ക് സ്വയം
യോഗ്യനാക്കുന്നു.
“വസിക്കുന്നു” എന്ന വാക്ക് വളരെ ശ്രദ്ധേയമാണ്. ക്രിസ്തുവിൽ വിശ്വസിക്കുന്നവന്റെ മേൽ നിത്യജീവൻ നിലനിൽക്കുന്നതുപോലെ, ക്രിസ്തുവിനെ നിരസിക്കുന്നവന്റെമേൽ ദൈവക്രോധം നിലനിൽക്കുന്നു.
അതുകൊണ്ട് യോഹന്നാൻ 3:16-ലെ “വിശ്വസിക്കുന്ന ഏവനും നിത്യജീവൻ” എന്ന സുവിശേഷവാഗ്ദാനത്തിന്റെ മറുവശമാണ് യോഹന്നാൻ 3:36-ലെ ശക്തമായ മുന്നറിയിപ്പ് . ക്രിസ്തുവിനെ സ്വീകരിക്കുന്നവന് ജീവൻ; ക്രിസ്തുവിനെ നിരസിക്കുന്നവൻ ജീവനെ കാണുകയില്ല. മനുഷ്യൻ്റെ രക്ഷ പ്രവർത്തിയാലല്ല, ക്രിസ്തുവിലുള്ള വിശ്വാസത്തിലാണ്.
നിത്യജീവൻ ദൈവത്തോടൊപ്പം നിത്യതയിലായിരിക്കാനുള്ള ജീവനാണ്. വിശ്വസിക്കാത്തവൻ്റെ നിത്യത നിത്യ നരകത്തിലാണ് .
കൃപയാൽ ,വിശ്വാസത്താൽ ലഭിച്ച രക്ഷക്കായി , നിത്യ ജീവനായി
സ്തോത്രം.
“ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം കേട്ടു എന്നെ അയച്ചവനെ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; അവൻ ന്യായവിധിയിൽ ആകാതെ മരണത്തിൽ നിന്നു ജീവങ്കലേക്കു കടന്നിരിക്കുന്നു”(യോഹ 5:24 ) . വിശ്വസിക്കുന്നവന്
നിത്യജീവൻ ഉണ്ടെന്നും
ജീവങ്കലേക്ക് കടന്നിരിക്കുന്നുവെന്നും ഇവിടെയും വ്യക്തം ആണ്. ആയത് മരണാനന്തരം അല്ല .
“പുത്രനുള്ളവന്നു ജീവൻ ഉണ്ടു; ദൈവപുത്രനില്ലാത്തവന്നു ജീവൻ ഇല്ല” (1 യോഹ 5:12). ജീവൻ ഉണ്ടാകും എന്നല്ല, ജീവൻ ഉണ്ട്.
ആമേൻ.
